തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ക്ഷേമ, വികസന കാര്യങ്ങൾക്കൊപ്പം സാമ്പത്തിക ഉന്നമനത്തിലും കൂടി ഭാഗമാവുന്ന കാലമാണെന്ന് കുടുംബശ്രീ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്. ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശൽ യോജന (ഡി.ഡി.യു. ജി.കെ.വൈ), യുവകേരളം പദ്ധതികളുടെ ഭാഗമായി പരിശീലനം പൂർത്തിയാക്കിയ പൂർവ്വവിദ്യാർത്ഥി സംഗമമായ ‘ഇൻസെയിം 2023’ തൃക്കാക്കര ഭാരത മാതാ കോളേജിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്റെ തൊഴിൽ, എന്റെ അഭിമാനം സർവേയുടെ ഭാഗമായി സംസ്ഥാനത്താകെ 53 ലക്ഷം തൊഴിൽ അന്വേഷകർ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ 58 ശതമാനം പേർ സ്ത്രീകളാണ്. സർവേ വഴി വിവരങ്ങൾ ശേഖരിച്ച വ്യക്തികളുടെ പ്രൊഫൈലിംഗ് പുരോഗമിച്ചു വരികയാണ്. ആദ്യ ഘട്ടത്തിൽ 18 നും 40 നുമിടയിൽ പ്രായമുള്ളവരുടെ പ്രൊഫൈലിംഗ് ആണ് നടക്കുന്നത്. ഇവർക്ക് യോജിക്കുന്ന പല വിധത്തിലുള്ള തൊഴിലുകൾ കണ്ടെത്തി നൽകുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശൽ യോജന, യുവ കേരളം പദ്ധതികൾ വഴി ഏഴായിരത്തോളം പേർക്കാണ് ഇതു വരെ പരിശീലനം നൽകിയത്. ഇതിൽ അയ്യായിരത്തിൽ അധികം പേർക്ക് ജോലി ലഭിക്കുകയും ചെയ്തിട്ടുണ്ട്. കുടുംബശ്രീ മിഷൻ ജില്ലാ കോ ഓഡിനേറ്റർ എം.ബി പ്രീതി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തൃക്കാക്കര വെസ്റ്റ് സി.ഡി.എസ് ചെയർപേഴ്സൺ ജാൻസി ജോർജ്, തൃക്കാക്കര ഈസ്റ്റ് സി.ഡി.എസ് ചെയർപേഴ്സൺ ഷക്കീലാ ബാബു , ഡി.ഡി.യു.ജി.കെ.വൈ ജില്ലാ പ്രോഗ്രാം മാനേജർ അജേഷ് എന്നിവർ സംസാരിച്ചു.