ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജില്‍ സിനിമ, സീരിയല്‍ താരം അന്‍സില്‍ റഹ്‌മാന്‍ നിര്‍വ്വഹിച്ചു. ജില്ലാ കളക്ടര്‍ എ. ഗീത അധ്യക്ഷത വഹിച്ചു. ‘വോട്ട് ചെയ്യുന്നതിനോളം മഹത്തരം മറ്റൊന്നുമില്ല, ഞാന്‍ ഉറപ്പായും വോട്ട് ചെയ്യും’ എന്നതാണ് ഈ വര്‍ഷത്തെ ദേശീയ സമ്മതിദായക ദിനാഘോഷ സന്ദേശം. ജനാധിപത്യ പ്രക്രിയയില്‍ വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ത്തുകൊണ്ട് തെരഞ്ഞെടുപ്പുകളില്‍ പങ്കാളികളാകുന്നതിന് യുവാക്കളില്‍ അവബോധം വളര്‍ത്തുന്നതിനുമായാണ് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമ്മതിദായകരുടെ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നത്.

ദേശീയ സമ്മതിദായക ദിന പ്രതിജ്ഞ ജില്ലാ കളക്ടര്‍ എ. ഗീത ചൊല്ലി കൊടുത്തു. സെന്റ് മേരീസ് കോളേജ് ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. ഫോറം 6 ബി ചെയ്തതില്‍ ഒന്നാം സ്ഥാനത്തെത്തിയ സുല്‍ത്താന്‍ ബത്തേരി താലൂക്ക് അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് ഇലക്ഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനം എ.ഡി.എം എന്‍.ഐ ഷാജു, മികച്ച ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള അംഗീകാരപത്രം എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ് എന്നിവര്‍ വിതരണം ചെയ്തു.
ജില്ലയിലെ ഏറ്റവും മികച്ച ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബായ തൃശ്ശിലേരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രതിനിധികള്‍ക്ക് എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ വി. അബൂബക്കര്‍ മൊമെന്റോ നല്‍കി ആദരിച്ചു. തിരിച്ചറിയല്‍ കാര്‍ഡ് (ഇ എപിക്) വിതരണോദ്ഘാടനം എല്‍.ആര്‍ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. ദേവകി നിര്‍വഹിച്ചു.
ഇ.ആര്‍.ഒ ആന്റ് തഹല്‍സിദാര്‍മാരായ എം.എസ് ശിവദാസന്‍, വി.കെ ഷാജി, സെന്റ് മേരീസ് കോളേജ് പ്രിന്‍സിപ്പള്‍ പി.സി റോയ് തുടങ്ങിയവര്‍ സംസാരിച്ചു.