ആലപ്പുഴ:പ്രളയം കഴിഞ്ഞപ്പോൾ ആലപ്പുഴയിൽ ജില്ലയിൽ പാൽ സംഭരണം കുറഞ്ഞു. പ്രതിദിന ശരാശരിയിൽ 17,000 ലിറ്ററിന്റെ കുറവാണ് മിൽമയ്ക്ക് മാത്രം ഉണ്ടായിരിക്കുന്നത്.എന്നാൽ തളർന്ന് പിന്മാറാതെ ക്ഷീര കർഷകർക്ക് കൈത്താങ്ങായി ഉണർന്നു പ്രവർത്തിക്കുകയാണ് മിൽമയും ക്ഷീരവികസന വകുപ്പും. കുട്ടനാട്ടിലെ ഇക്കൊല്ലത്തെ ആദ്യ വെള്ളപ്പൊക്ക സമയത്ത് മിൽമ അഞ്ചു ലക്ഷം രൂപയുടെ അരി, പയർ വർഗ്ഗങ്ങൾ, പാൽപ്പൊടി, കിഴങ്ങു വർഗ്ഗങ്ങൾ എന്നിവ വിതരണം ചെയ്തിരുന്നു. കൂടാതെ അഞ്ചു ലക്ഷം രൂപയുടെ കാലിത്തീറ്റയും നൽകി. രണ്ടാം ഘട്ട പ്രളയ സമയത്ത് ദുരിത ബാധിത പ്രദേശങ്ങളിൽ 1140 ചാക്ക് കാലിത്തീറ്റ സൗജന്യമായി വിതരണം ചെയ്തു.
മേഖല യൂണിയൻ വഴി 6.82 ലക്ഷം രൂപയുടെ 700 ചാക്ക് കാലിത്തീറ്റയും ദേശീയ ക്ഷീര വികസന ബോർഡ് വഴി 440 ചാക്ക് കാലിത്തീറ്റയും ഈ സമയങ്ങളിൽ മിൽമയക്ക് നൽകാനായി. പച്ചപ്പുല്ലിന്റെ ക്ഷാമം പരിഹരിക്കുന്നതിന് ജില്ലയിൽ മാത്രം മൂന്ന് ലക്ഷം മുതൽ മുടക്കിൽ 50 ടൺ മക്കചോളത്തണ്ട് കോയമ്പത്തൂരിലെ സത്യമംഗലത്തുനിന്നും എത്തിച്ചു. ഇത് ദുരിത ബാധിത പ്രദേശങ്ങളിലെ ക്ഷീര സംഘങ്ങൾ വഴി വിതരണം ചെയ്തു.
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന ക്ഷീര കർഷകരുടെ കറവ മാടുകളെ ക്യാമ്പുകളിലും, വീടുകളിലുമായി ആലപ്പുഴ ജില്ലയിലെ മിൽമ ഡോക്ടർമാരും ഉദ്യോഗസ്ഥരും സന്ദർശിച്ചു വിദഗ്ദ ചികിത്സ നൽകി. പ്രാഥമിക ചികിത്സക്ക് ആവിശ്യമായുള്ള മരുന്നുകളും അതോടൊപ്പം വിറ്റാമിൻ സപ്ളിമെന്റുകളും വിതരണം ചെയ്തു. 41 സംഘങ്ങളുടെ സന്ദർശനത്തിന് ഇതിനായി 1.54 ലക്ഷം രൂപയാണ് ചെലവഴിച്ചിച്ചത്.
ആഗസ്റ്റ് 21 മുതൽ സെപ്റ്റംബർ15വരെ ജില്ലയിൽ മിൽമയുടെ പി ആൻഡ് ഐ ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന ഡി.വി.യു യൂണിറ്റുകൾ വഴിയുള്ള അടിയന്തിര മൃഗ ചികിത്സ സംവിധാനം പൂർണമായും സൗജന്യമാക്കി. സെപ്റ്റംബർ 30 വരെ കാലിത്തീറ്റ സബ്സിഡി ഇനത്തിൽ ചാക്കൊന്നിനു 100 രൂപ സബ്സിഡി നൽകുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ജൂലൈയിൽ കർഷകൻ സംഘത്തിൽ അളന്നിട്ടുള്ള പാലിന് ആനുപാതികമായാണ് സബ്സിഡി നൽകുക. ഇതോടൊപ്പം ചാക്കൊന്നിനു 50 രൂപ സബ്സിഡിയും കർഷകന് ലഭിക്കും.
പ്രളയം രൂക്ഷമായി ബാധിച്ച സംഘങ്ങൾക്ക് ജൂലൈയിൽ യൂണിയൻ നൽകിയിട്ടുള്ള പാലിന് ആനുപാതികമായി ലിറ്ററൊന്നിനു രണ്ടു രൂപ ഇൻസെന്റീവ് നൽകും . ഏകദേശം 15 ലക്ഷം രൂപയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. പ്രളയ ബാധിത പ്രദേശങ്ങളിൽ മൊത്തമായോ ഭാഗികമായോ കേടുപാടുകൾ സംഭവിച്ചിട്ടുള്ള കാലിത്തൊഴുത്തിന്റെ പുനർനിർമാണത്തിന് യൂണിയന്റെ കീഴിലുള്ള ആലപ്പുഴ , പത്തനംതിട്ട ജില്ലകൾക്കായി 1.5 കോടി രൂപയും മിൽമ വകയിരിത്തിയിട്ടുണ്ട്.
