വയനാട്: കാലവര്‍ഷ കെടുതികളെ തുടര്‍ന്ന് സര്‍വ്വതും നഷ്ടപ്പെട്ടു ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ പുനരധിവാസത്തിന് കൈത്താങ്ങായി കേരള അയേണ്‍ ഫേബ്രിക്കേഷന്‍ ആന്‍ഡ് എന്‍ജിനീയറിംഗ് യൂണിറ്റ് അസോസിയേഷന്, സുല്‍ത്താന്‍ ബത്തേരി മേഖല. നാല്പതോളം കട്ടിലുകള്‍ നല്‍കാനാണ് അസോസിയേഷന് തീരുമാനം. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ 20 കട്ടിലുകള്‍ വെള്ളിയാഴ്ച ജില്ലാ കളക്ടറേറ്റിലെത്തിച്ചു. ഒരു കട്ടിലിന് 5,500 രൂപ അസംസ്കൃത വസ്തുക്കള്‍ക്കായി മാത്രം വേണം. തൊഴില്‍ അധ്വാനം കൂടി കണക്കാക്കുമ്പോള്‍ ഒന്‍പതിനായിരം രൂപയോളം വേണ്ടി വരുമെന്ന് അസോസിയേഷന് ജില്ലാ പ്രസിഡന്റ് ജി. ഗോപകുമാര്‍ പറഞ്ഞു. അസോസിയേഷന്റെ കീഴില്‍ ബത്തേരിയില്‍ 40 ഉം ജില്ലയിലാകെ 250 ഓളം യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊഴുതന പഞ്ചായത്തില്‍ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യുന്നതിനും കല്‍പ്പറ്റ എസ്.കെ.എം.ജെ സ്കൂളില്‍ റിലീഫ് കളക്ഷന്‍ സെന്ററില്‍ സാധനങ്ങള്‍ തരം തിരിക്കുന്നതിനടക്കം അസോസിയേഷന് അംഗങ്ങളുണ്ടായിരുന്നു. സ്വന്തം കൈയില്‍ നിന്നും പണം പിരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായി തുക കണ്ടെത്തിയത്. സംസ്ഥാന കമ്മിറ്റിയുമായി ആലോചിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുള്ള തീരുമാനമുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റ് സി.എം തങ്കച്ചന്, ജില്ലാ വൈസ് പ്രസിഡന്റ് പി.പി പൗലോസ്, ബത്തേരി മേഖല പ്രസിഡന്റ് ബൈജു വര്‍ഗീസ് മറ്റു ഭാരവാഹികളായ ഗിരീഷ്, കെ.കെ ബിനു തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
