കൊച്ചി: നെടുമ്പാശ്ശേരി പഞ്ചായത്തിലെ മള്ളുശ്ശേരി ദുരിതാശ്വാസ ക്യാമ്പ് കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി ജെ.പി.നഡ്ഡ സന്ദര്‍ശിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പു മന്ത്രി കെ.കെ.ശൈലജയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ക്യാമ്പിലെ അംഗങ്ങളോടൊപ്പം 15 മിനിറ്റോളം ചെലവഴിച്ച അദ്ദേഹം വീട് തകര്‍ന്നവര്‍ക്ക് വീടുവച്ചു നല്‍കാന്‍ കേന്ദ്ര സഹായം ഉറപ്പു നല്‍കിയാണ് മടങ്ങിയത്.

ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെയാണ് കേന്ദ്ര സംസ്ഥാന ആരോഗ്യ വകുപ്പുമന്ത്രിമാര്‍ മള്ളുശ്ശേരിയിലെ ക്യാമ്പിലെത്തിയത്. വീട് ഭാഗികമായി തകര്‍ന്ന് താമസ യോഗ്യമല്ലാതായി തീര്‍ന്ന 18 കുടുംബങ്ങളിലെ 49 പേരാണ്ക്യാമ്പിലുള്ളത്. ക്യാമ്പിലെ കുട്ടികളെ കാണണമെന്നാവശ്യപ്പെട്ട കേന്ദ്രമന്ത്രി ഓരോ കുഞ്ഞുങ്ങളേയും തലോടിയാണ് കാര്യങ്ങള്‍ തിരക്കിയത്. പ്രദേശവാസികള്‍ തങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ മന്ത്രിമാര്‍ക്കു മുമ്പില്‍ തുറന്നു പറഞ്ഞു. കിടപ്പാടം ഇല്ലാതായ വേദനയാണ് എല്ലാവരും പങ്കുവച്ചത്. പലരുടെയും വീടുകളുടെ ഭിത്തികള്‍ വിണ്ടുകീറി മേല്‍ക്കൂരകള്‍ തകര്‍ന്ന നിലയിലാണ്. കുഞ്ഞുങ്ങളെയും കൊണ്ട് വീടുകളില്‍ താമസിക്കാന്‍ ധൈര്യമില്ല. പരിഹാരം കാണണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. നാട്ടുകാരുടെ മലയാള സംഭാഷണം മന്ത്രി ശൈലജ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു. കാര്യങ്ങള്‍ മനസിലാക്കിയ അദ്ദേഹം പ്രധാന്‍മന്ത്രി ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മിച്ചു നല്‍കാന്‍ സംവിധാനം ഒരുക്കാമെന്നും അഭിപ്രായപ്പെട്ടു.

പ്രളയ ദിവസങ്ങളില്‍ കേന്ദ്രത്തിന്റെ സമീപനം അനുഭാവപൂര്‍ണമായിരുന്നുവെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ആവശ്യത്തിന് ഡോക്ടര്‍ മാരെയും മരുന്നുകളും കേന്ദ്രത്തില്‍ നിന്ന് ലഭിച്ചു. പ്രളയക്കെടുതി നേരിടാന്‍ ആരോഗ്യ വകുപ്പ 325.5 കോടി രൂപ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തില്‍ ആരോഗ്യ വകുപ്പിന്റെ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ പകര്‍ച്ചവ്യാധികളെ തടയിടാന്‍ സാധിച്ചു. ഡങ്കിപ്പനിയെ നേരിടാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് പ്രദേശവാസികള്‍ മന്ത്രി ശൈലജയ്ക്ക് നിവേദനം നല്‍കി. നാഷണല്‍ ഹെല്‍ത് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ആരോഗ്യ വകുപ്പ് സെക്രട്ടറി പ്രീതി സുധന്‍, ജോ. സെക്രട്ടറി ലൊവ് അഗര്‍വാള്‍, ഡി.എച്ച്.എസ് ഡോ.ആര്‍.എല്‍ സരിത, അന്‍വര്‍ സാദത്ത് എംഎല്‍എ, നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി എല്‍ദോ, വൈസ് പ്രസിഡന്റ് പി.സി.സോമശേഖരന്‍ എന്നിവരും മന്ത്രിമാരോടൊപ്പം ഉണ്ടായിരുന്നു.