ലഹരിയിൽ അകപ്പെട്ട് ജീവിതം ദുരിത പൂർണ്ണമായവർക്ക് വിമുക്തി മിഷൻ തിരിച്ചു വരവിന്റെ അവസരങ്ങൾ ഒരുക്കുന്നതായി തുറമുഖം – പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ.
കേരള എക്സൈസ് വകുപ്പ് വിമുക്തി മിഷൻ ഡി അഡിക്ഷൻ സെന്ററിന്റെ പ്രവർത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ ജനറലാശുപത്രിയിൽ ആരംഭിച്ച സ്ത്രീകളുടെയും കുട്ടികളുടെയും വാർഡിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സ്കൂളുകളിലും കോളേജ് ക്യാമ്പസുകളിലും ലഹരിക്ക് അടിമപ്പെടുന്ന നിരവധി പേരുടെ ദുരന്ത വാർത്തകളാണ് ദിവസവും കേട്ടുകൊണ്ടിരിക്കുന്നത്. പുതു തലമുറ മാരകമായ ലഹരി ഉപയോഗിക്കുന്നതിൽ മുന്നേറുന്ന കാഴ്ച്ചകൾ ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. കുറ്റവാസനകളെ പ്രോൽസാഹിപ്പിക്കുന്ന ലഹരി വസ്തുക്കളുടെ വിതരണത്തിന്റെ വേരറുക്കുകയാണ് ലഹരിവിപത്ത് തടയാനുള്ള ഒന്നാമത്തെ വഴിയെന്നും മന്ത്രി പറഞ്ഞു.
ക്യാമ്പസുകൾക്കകത്ത് പോലും വ്യാപകമായി ലഹരി ലഭിക്കുന്ന സാഹചര്യത്തിൽ മയക്കുമരുന്ന് മാഫിയയെ നിയന്ത്രിക്കുന്നതിനൊപ്പം ലഹരി വിപത്തിനെതിരെയുള്ള ബോധവൽക്കരണവും കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ പി ദിനേശ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ ഉബൈബ റിപ്പോർട്ട് അവതരിപ്പിച്ചു.
വാർഡ് കൗൺസിലർ കെ റംലത്ത്, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി രാജേന്ദ്രൻ , വിമുക്തി മിഷൻ മാനേജർ എ.കെ ബെഞ്ചമിൻ, ജനറൽ ആശുപത്രി സുപ്രണ്ട് ഇൻ ചാർജ്ജ് ഡോ. സച്ചിൻ ബാബു, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എം സുഗുണൻ, എക്സൈസ് സ്‌റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ജി ബൈജു ,ആർ എം ഒ ഡോ.സി.ബി ശ്രീജിത്ത്, സീനിയർ നഴ്സിംഗ് ഓഫീസർ സന്ധ്യ എന്നിവർ സംസാരിച്ചു. ജോയിന്റ് എക്സൈസ് കമ്മീഷണർ ജി പ്രദീപ് സ്വാഗതവും വിമുക്തി ഡി അഡിക്ഷൻ സെന്റർ സൈക്യാട്രിസ്റ്റ് വാനതി സുബ്രഹ്മണ്യം നന്ദിയും പറഞ്ഞു.