വയനാട്: സംസ്ഥാനത്തെ മികച്ച പി.ടി.എക്കുള്ള പുരസ്‌കാരം കാക്കവയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീം ഏറ്റുവാങ്ങി. അദ്ധ്യാപക ദിനത്തില്‍ തിരുവനന്തപുരം വി.ജെ.ടി. ഹാളില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പുരസ്‌കാരം വിതരണം ചെയ്തു. അഞ്ചുലക്ഷം രൂപയും സി.എച്ച്. മുഹമ്മദ്‌കോയ സ്മാരക എവര്‍റോളിംഗ് ട്രോഫിയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് മഹേഷ് ബാബു, എസ്.എം.സി. ചെയര്‍മാന്‍ ഉമ്മര്‍ പൂപ്പറ്റ, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പ്രസന്ന, ഹെഡ്മാസ്റ്റര്‍ സുരേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു. 2017-18 വര്‍ഷത്തെ സ്‌കൂളിലെ ഭൗതികവും അക്കാദമികവുമായ മേഖലകളില്‍ പി.ടി.എയുടെ ഇടപെടലുകള്‍ വിലയിരുത്തിയാണ് അവാര്‍ഡ്.