* ഡെങ്കിപ്പനിക്കെതിരെ ജാഗ്രതവേണം
വയനാട്: ഡോക്സി ദിനാചരണത്തിന്റെ ലക്ഷ്യപൂര്‍ത്തീകരണത്തിന് രണ്ടാംഘട്ടം എന്ന നിലയില്‍ സംഘടിപ്പിക്കുന്ന സര്‍വൈലന്‍സ് ദിനാചരണം തുടങ്ങി. ആരോഗ്യ പ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ആശ/അങ്കണവാടി പ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരും വീടുകളില്‍ സന്ദര്‍ശനം നടത്തി. എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രതിരോധ ഗുളിക നല്‍കുകയും, കിണറുകള്‍ ക്ലോറിനേഷന് നടത്തിയെന്ന് ഉറപ്പുവരുത്തുകയും കൊതുകിന്റെ ഉറവിടനശീകരണ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുകയുമാണ് ലക്ഷ്യം.
വരുംനാളുകളില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ കൊതുകിന്റെ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തേണ്ടതുണ്ട്. ഇടവിട്ടു പെയ്യുന്ന മഴയില്‍ വെള്ളം കെട്ടിനിന്ന് കൊതുക് മുട്ടയിട്ട് പെരുകാന്‍ സാധ്യതയുള്ള പാത്രങ്ങളും പ്ലാസ്റ്റിക്കുകളും നീക്കം ചെയ്യുന്നതിലൂടെ മാത്രമേ ഡെങ്കിപ്പനി പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അതിനായി എല്ലാവരും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നും ഡി.എം.ഒ അഭ്യര്‍ഥിച്ചു. വീടിനകത്തും പരിസരപ്രദേശങ്ങളിലും വെള്ളം കെട്ടിനില്ക്കാന് സാധ്യതയുള്ള എല്ലാ സ്രോതസ്സുകളും ആഴ്ചയിലൊരിക്കല്‍ നീക്കം ചെയ്തു ഡ്രൈ ഡേ ആചരിക്കണം. എലിപ്പനി മൂലം വയനാട്ടില്‍ ആരും മരിച്ചിട്ടില്ലെന്നും സംശയാസ്പദമായ ഒരു മരണം മാത്രമാണുണ്ടായതെന്നും ഡി.എം.ഒ അറിയിച്ചു. പ്രളയാനന്തരം എലിപ്പനി റിപോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ തൊഴിലുറപ്പ് തൊഴിലാളികള്‍, മലിനജല സമ്പര്‍ക്ക സാധ്യതയുള്ളവര്‍ തുടങ്ങി മുഴുവനാളുകളും പ്രതിരോധ ഗുളികയായ ഡോക്സി സൈക്ലിന്‍ കഴിച്ചുവെന്ന് ഉറപ്പുവരുത്തുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ കഴിഞ്ഞ നാലിനാണ് ഡോക്സി ദിനാചരണം നടത്തിയത്. ഇതിലൂടെ ജില്ലയില്‍ എലിപ്പനി സാധ്യതയുള്ള മുഴുവനാളുകള്‍ക്കും പ്രതിരോധ ഗുളിക വിതരണം ചെയ്തു.