എന്റെ കേരളം മെഗാ എക്‌സിബിഷനിൽ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വ്യവസായ സംരംഭകർ എന്നിവയുടെ 180ഓളം വൈവിധ്യമാർന്ന സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. സർക്കാരിന്റെ വിവിധ സേവനങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് ലഭിക്കും വിധത്തിലാണ് സ്റ്റാളുകൾ സജ്ജമാക്കുന്നത്. സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനങ്ങൾ, എംഎസ്എംഇകൾ, കുടുംബശ്രീ സംഘങ്ങൾ എന്നിവയുടെ ഉത്പന്നങ്ങളുടെ പ്രദർശനവും വിൽപനയും മേളയിലുണ്ടാവും.
‘യുവതയുടെ കേരളം’ എന്ന ആശയത്തിലൂന്നി വിദ്യാഭ്യാസം, തൊഴിൽ, സാങ്കേതികവിദ്യ, നൈപുണ്യ വികസനം, സേവനം തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ച് സർക്കാർ വകുപ്പുകൾക്ക് പുറമെ കണ്ണൂർ സർവകലാശാല, സ്റ്റാർട്ടപ്പ് മിഷൻ, ഒഡേപെക്, കെഡിസ്‌ക്, അസാപ്, കെയ്‌സ്, കെഎസ്‌ഐഡിസി, എൻടിടിഎഫ്, കണ്ണൂർ ആയുർവേദ മെഡിക്കൽ കോളജ് എന്നിവയുടെ സ്റ്റാളുകൾ മേളയുടെ ആകർഷണമാവും. കൂടാതെ ഡിടിപിസി ഒരുക്കുന്ന കുട്ടികൾക്കുള്ള അമ്യൂസ്‌മെൻറ് ഏരിയ, സ്‌പോർട്‌സ് കൗൺസിൽ സജ്ജമാക്കുന്ന സ്‌പോർടസ് ഏരിയ എന്നിവയുമുണ്ടാവും.
തത്സമയ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, യങ് ഇന്നവേറ്റേഴ്സ് പൊജക്ടുകൾ
അസാപിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് തത്സമയ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് നടത്തും. കരിയർ ഗൈഡൻസിനും നൈപുണ്യ വികസനത്തിനും പ്രാധാന്യം നൽകിയാവും അസാപിന്റെ സ്റ്റാളുകൾ. വിവിധ തൊഴിൽ മേഖലയ്ക്ക് അനുസരിച്ച കോഴ്സുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും അസാപ് കോഴ്സുകളെ പരിചയപ്പെടുത്തുകയും ചെയ്യും. അസാപ്പിന്റെ 161ഓളം നൈപുണ്യ വികസന കോഴ്സുകൾക്കുള്ള പ്രവേശന സൗകര്യവും സ്റ്റാളുകളിൽ ഒരുക്കുന്നുണ്ട്. കൂടാതെ എസ് എസ് എൽ സി, പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി അസാപ്പിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 13ന് കരിയർ ഗൈഡൻസ് ക്ലാസും മേളയുടെ ഭാഗമായി സംഘടിപ്പിക്കും. സംസ്ഥാന നൈപുണ്യ വികസനമിഷൻ ഒരുക്കുന്ന സ്റ്റാളുകളിൽ സ്റ്റേറ്റ് ജോബ് പോർട്ടൽ, സ്‌കിൽ രജിസ്ട്രി ആപ്പ്, സങ്കൽപ്പ് പദ്ധതി എന്നിവയെക്കുറിച്ച് വിശദീകരിക്കുന്ന സെഷനുകൾ ഉണ്ടാകും.
കൂടാതെ നൈപുണ്യ വികസനം എങ്ങനെ സാധ്യമാക്കാം എന്നതിനെക്കുറിച്ചുള്ള ഇന്ററക്റ്റീവ് സെഷനും ഇതിനോടൊപ്പം നടക്കും. കെ ഡിസ്‌ക് ഒരുക്കുന്ന സ്റ്റാളിൽ കെ ഡിസ്‌കിന്റെ പ്രധാന പദ്ധതിയായ യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിലൂടെ വിദ്യാർഥികൾ തയ്യാറാക്കിയ വിവിധ പ്രോജക്ടുകൾ പ്രദർശിപ്പിക്കും. കൂടാതെ യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമുമായി ബന്ധപ്പെട്ട് കോളേജ് വിദ്യാർത്ഥികൾക്ക് ജല ദൗർലഭ്യത, കൃഷിയിടങ്ങളിലെ പ്രശ്നങ്ങൾ തുടങ്ങി 22 മേഖലകളിലെ യഥാർഥ ജീവിത പ്രശ്നങ്ങൾക്ക് നൂതന പരിഹാര മാർഗങ്ങൾ ആശയങ്ങളായി സമർപ്പിക്കുവാനുള്ള സെഷൻ ഉണ്ടാകും. ആശയങ്ങൾ സമർപ്പിക്കാനുള്ള സ്‌പോട്ട് രജിസ്ട്രേഷനും മേളയിൽ ഒരുക്കും. കൂടാതെ എമേർജിങ് ടെക്‌നോളജീസ്, സോഷ്യൽ ഇൻക്ല്യൂഷൻ പ്രോഗ്രാംസ്, മഴവില്ല്, വിവിധ പദ്ധതികളെ പറ്റിയുള്ള പ്രദർശനവും നടക്കും.പൊതുമേഖലയിലെ ആദ്യ റിക്രൂട്ടിങ് ഏജൻസിയായ ഒഡെപെക്കിന്റെ ഭാഗമായി സജ്ജീകരിക്കുന്ന സ്റ്റാളിൽ തൊഴിലിനും അഭിരുചിക്കും മുൻതൂക്കം നൽകിയുള്ള സെഷനുകളായിരിക്കും ഉണ്ടാകുക. ഇതിൽ റിക്രൂട്മെന്റ് സർവീസ്, ട്രെയിനിങ് സർവീസ് ട്രാവൽ സർവീസ്, നാഷണൽ ഇന്റർനാഷണൽ ടൂർ പാക്കേജ്, വിദേശത്തുള്ള പഠനം, സ്‌കോർഷിപ് സ്‌കീമുകൾ എന്നിവയെക്കുറിച്ചുള്ള പ്രദർശനവും ഒരുക്കും.
കണ്ണൂർ സർവ്വകലാശാലയുടെ ഉണ്ടാകുന്ന സ്റ്റാളിൽ സർവ്വകലാശാല പഠനവിഭാഗങ്ങളിലേക്കും സെന്ററുകളിലേക്കുമുള്ള അഡ്മിഷൻ സംബന്ധിച്ച വിവരങ്ങളും പ്രവേശന പരീക്ഷയ്ക്കായുള്ള ഓൺലൈൻ രജിസ്ട്രേഷന് വേണ്ട സാങ്കേതിക സൗകര്യങ്ങളും ലഭ്യമാക്കും. കൂടാതെ സർവ്വകലാശാല ബിസിനസ് ഇൻക്യുബേഷൻ സെന്ററിൽ രജിസ്റ്റർ ചെയ്ത് വിജയകരമായി പോകുന്ന കമ്പനികളുടെ സ്റ്റാർട്ട് അപ്പുകളെ പരിചയപെടുത്തുന്ന സെഷനും ഒരുക്കും.
വ്യവസായിക പരിശീലനത്തിന്റെ ഭാഗമായി നൈപുണ്യ വികസനത്തിന് പ്രാധാന്യം നൽകിയുള്ള സ്റ്റാളുകളും മേളയിൽ ഒരുങ്ങുന്നുണ്ട്. ഐ ടി ഐ വിദ്യാർഥികൾ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നിർമ്മിച്ച വസ്തുക്കളുടെ പ്രദർശനം, പ്രൊഡക്ഷൻ സെന്റർ എന്നിവയും സ്റ്റാളിൽ ഉണ്ടാകും.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് മുൻതൂക്കം നൽകിയുള്ള എൻടിടിഎഫിന്റെ സ്റ്റാളും മേളയിൽ ഉണ്ടാകും. വിദ്യാർത്ഥികൾ നിർമ്മിച്ച പ്രൊജക്റ്റ് മോഡലുകൾ,വർക്കിംഗ് മോഡലുകൾ എന്നിവ മേളയിൽ പ്രദർശിപ്പിക്കും.
സർക്കാർ ഓഫീസുകളിലെ സേവനങ്ങൾ എക്സിബിഷനിലും
പൊതുജനങ്ങൾക്ക് സർക്കാർ ഓഫീസുകളിൽ മാത്രം ലഭിച്ചിരുന്ന സേവനങ്ങൾ എക്സിബിഷൻ നഗരിയിലും ലഭിക്കും. റവന്യു, ഐടി സെൽ, സപ്ലൈകോ തുടങ്ങിയ വകുപ്പുകളുടെ സേവനങ്ങൾ, ആധാർ ലിങ്കിംഗ്, സാമൂഹ്യ സുരക്ഷ മസ്റ്ററിംഗ്, സിവിൽ രജിസ്ട്രേഷൻ സൗകര്യങ്ങളുണ്ടാകും. മൂന്ന് മിനുട്ട് കൊണ്ട് ജനന/മരണ/വിവാഹ സാക്ഷ്യപത്രങ്ങൾ സൗജന്യമായി ലഭിക്കും. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കുടിവെള്ള പരിശോധന നടത്തി കോളിഫോം/ഇ കോളി ബാക്ടീരിയ സാന്നിധ്യം പരിശോധിക്കാൻ അവസരമൊരുക്കും.
ഡിജിറ്റൽ ബാങ്കിങ് ബോധവത്കരണ ക്ലാസ്
എക്സിബിഷൻ വേദിയിൽ ഏപ്രിൽ 12ന് ഡിജിറ്റൽ ബാങ്കിങ്ങ് ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും. പൊലീസ് മൈതാനിയിലെ പ്രധാന വേദിയിൽ ഏപ്രിൽ 12ന് രാവിലെ 11 മണിക്കാണ് ക്ലാസ്. ഓൺലൈൻ ബാങ്കിങ്ങ്, എടിഎം ഉപയോഗം, ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ വീഴാതിരിക്കാനുള്ള മുൻകരുതലുകൾ എന്നിവയെക്കുറിച്ചും ക്ലാസിൽ വിശദീകരിക്കും. കനറാ ബാങ്ക് ഡിജിറ്റൽ സർവ്വീസ് സെക്ഷൻ മാനേജർ ഇ സജിൻ വിജയൻ ക്ലാസെടുക്കും.
കരിയർ ഗൈഡൻസ് ക്ലാസ്
എക്സിബിഷന്റെ ഭാഗമായി എസ്എസ്എൽസി, പ്ലസ്ടു കഴിഞ്ഞ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി പൊലീസ് മൈതാനിയിലെ പ്രധാന വേദിയിൽ ഏപ്രിൽ 13 ഉച്ചക്ക് രണ്ട് മണിക്ക് കരിയർ ഗൈഡൻസ് ക്ലാസ് നടക്കും. മെന്ററും ട്രെയ്നറും ഇന്റർവ്യൂ എക്സ്പെർട്ടുമായ നിതിൻ നങ്ങോത്താണ് ക്ലാസെടുക്കുന്നത്. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾക്കുള്ള മറുപടിയും നൽകും. ക്ലാസിൽ പങ്കെടുക്കുന്നതിനായി ഏപ്രിൽ 12 വരെ രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 9495999627, 9495999692. ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിന്: https://tinyurl.com/careerasap
എല്ലാ ദിവസവും കലാപരിപാടികൾ
മെഗാ എക്‌സിബിഷന്റെ ഭാഗമായി പോലീസ് മൈതാനിയിലെ പ്രധാന വേദിയിൽ എല്ലാ ദിവസവും വൈകീട്ട് 4.30 മുതൽ വിവിധ കലാപരിപാടികൾ അരങ്ങേറും. ഏപ്രിൽ 12 ബുധനാഴ്ച വൈകീട്ട് 4.30ന് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്മാരുടെ ദഫ്മുട്ടും റബിൻ ഗുരുക്കൾ വടകരയുടെ നേതൃത്വത്തിലുള്ള കോൽക്കളിയും രാത്രി ഏഴ് മണിക്ക് കൊച്ചിൻ ആരോസിന്റെ അക്രോബാറ്റിക് ഡാൻസ് ഷോയും അരങ്ങേറും. ഏപ്രിൽ 13ന് വൈകീട്ട് 4.30ന് കേരള ഫോക് ലോർ അക്കാദമി അവതരിപ്പിക്കുന്ന കുണിയൻ ശ്രീ പറമ്പത്ത് ഭഗവതീ ക്ഷേത്ര പൂരക്കളി സംഘത്തിന്റെ പൂരക്കളി, രാത്രി ഏഴിന് മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരകം, കൊണ്ടോട്ടി അവതരിപ്പിക്കുന്ന മാപ്പിളപ്പാട്ട് സന്ധ്യ ഇശൽ മാല. പട്ടുറുമാൽ, മൈലാഞ്ചി, കുട്ടിക്കുപ്പായം ടി വി ഷോകളിലൂടെ പ്രസിദ്ധരായ ആദിൽ അത്തു, സുറുമി, കുഞ്ഞുബായ്, ഇസ്മായിൽ തളങ്കര, ഫിസ്ര എന്നിവർക്കൊപ്പം പത്തംഗ ഓർക്കസ്ട്രയും അണിനിരക്കും.
ഏപ്രിൽ 14 വെള്ളി വൈകീട്ട് 4.30ന് യുവസംഗീത സംവിധായകൻ ഷൈൻ വെങ്കിടിങ് നയിക്കുന്ന ഗാനമേള, രാത്രി ഏഴിന് ഡി ടി പി സിയുടെ ആഭിമുഖ്യത്തിൽ ദീപാകർത്ത ആന്റ് രുദ്ര ടീം അവതരിപ്പിക്കുന്ന കഥക് ഡാൻസ്. ഏപ്രിൽ 15 ശനി രാത്രി ഏഴിന് സാംശിവബാൻഡ് അവതരിപ്പിക്കുന്ന മ്യൂസിക് ഷോ.
ഏപ്രിൽ 16 രാത്രി ഏഴിന് ഞായർ ലിറ്റിൽ എർത്ത് സ്‌കൂൾ ഓഫ് തിയേറ്റർ കേരള അവതരിപ്പിക്കുന്ന നാടകം: ബൊളീവിയൻ സ്റ്റാർസ്. പി വി ഷാജി കുമാറിന്റെ കഥയെ അടിസ്ഥാനമാക്കി അരുൺലാൽ രൂപകൽപനയും സംവിധാനവും നിർവ്വഹിച്ചതാണ് ഈ നാടകം. സമാപന ദിവസമായ ഏപ്രിൽ 17 തിങ്കളാഴ്ച വൈകീട്ട് 4.30ന് ജില്ലയിലെ ആശാ വർക്കർമാരുടെ കലോൽസവത്തിൽ ഒന്നാം സ്ഥാനം നേടിയ ടീമുകൾ അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ, സംഘനൃത്തം. രാത്രി ഏഴിന് കെ എൽ 14 വടക്കൻ ടോക്സ് ഇന്ത്യൻ എൻസെംബിൾ അവതരിപ്പിക്കുന്ന ഇൻഡി പോപ്പ് മ്യൂസിക് ഷോ.
പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി എല്ലാ നിയമസഭാ മണ്ഡലങ്ങളിലും കലാജാഥ, വികസന വീഡിയോ പ്രദർശനം, സെലിബ്രിറ്റി വോളി, ലോട്ടറി തൊഴിലാളികൾക്ക് കുട വിതരണം എന്നിവ സംഘടിപ്പിച്ചു.ശിക്ഷക് സദനിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ജനറൽ കൺവീനർ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, കോ ഓർഡിനേറ്റർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, അനുബന്ധ പരിപാടികളുടെ ചെയർമാൻ എം ശ്രീധരൻ, കണ്ണൂർ പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാൻ എന്നിവരും സംബന്ധിച്ചു.