സഹകരണ മേഖലയിലെ ആധുനികവത്കരണത്തിന് യുവജനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണെന്ന്
പി. എസ്. സി. മുൻ ചെയർമാൻ എം. ഗംഗാധരക്കുറുപ്പ് പറഞ്ഞു. ഉപഭോക്തൃ, വിപണന സഹകരണ സംഘങ്ങളുടെ ആധുനികവത്കരണവും വിവരസാങ്കേതിക വിദ്യയും എന്ന വിഷയത്തിൽ സഹകരണ എക്സ്പോ വേദിയിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജന ജീവിതത്തിന്റെ സമസ്ത മേഖലകളിലും സഹകരണ മേഖലയുടെ ഇടപെടലുകൾ ഉണ്ടെന്നും ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം സഹകരണ മേഖലയിലെ പ്രവർത്തനങ്ങളെ കൂടുതൽ ജനകീയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.എഫ്.ഇ. എം ഡി ഡോ. എസ്. കെ. സനിൽ പ്രബന്ധം അവതരിപ്പിച്ചു. സാങ്കേതിക വിദ്യ മെച്ചപ്പെടുത്തി ഉപഭോക്തൃ, വിപണന സംഘങ്ങളെ നവീകരിക്കേണ്ടത് നിരന്തമായ പ്രക്രിയയിലൂടെയാണ്. അതിനായി സഹകരണ മേഖലയിൽ വിദഗ്ധ സമിതിയെ വാർത്തെടുക്കണം. സാങ്കേതിക മേന്മ വർധിപ്പിച്ച് സഹകരണ പ്രസ്ഥാനകളെ നവീകരിക്കാൻ നയം രൂപീകരിക്കണം. കാര്യക്ഷമത വർദ്ധിപ്പിച്ച് ലാഭക്ഷമത മുൻനിർത്തി മുന്നേറുന്നതിന് സഹകരണ സ്ഥാപനങ്ങൾക്ക് വിവര സാങ്കേതികവിദ്യയുടെ നൂതന മാർഗങ്ങൾ അവലംബിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

മാർക്കറ്റ് ഫെഡിന്റെ നേതൃത്വത്തിൽ നടന്ന സെമിനാറിൽ സഹകരണ എക്സാമിനേഷൻ ബോർഡ്‌ ചെയർമാൻ എസ്.യു.രാജീവ്‌ അധ്യക്ഷത വഹിച്ചു. മാർക്കറ്റ് ഫെഡ് ചെയർമാൻ അഡ്വ. സോണി സെബാസ്റ്റ്യൻ, ഒക്കൽ എസ്. സി. ബി. ഭരണസമിതി അംഗം കെ. ഡി. ഷാജി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഉപഭോക്താക്കളുടെ അഭിരുചി, വിപണിയുടെ സ്വഭാവം എന്നിവ മനസിലാക്കാൻ സാങ്കേതിക വിദ്യ സഹായിക്കും. സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിപണിയിൽ തനതായ ഒരു ഇടം കണ്ടെത്താൻ ഒരോ സംഘത്തിനും കഴിയണം. ദൃശ്യ,ശ്രാവ്യ , ഡിജിറ്റൽ മാധ്യമങ്ങൾ ഇതിനായി ഉപയോഗിക്കാം. കാർഷിക മേഖലയിലും നിത്യോപയോഗ വസ്തുക്കളുടെ ന്യായമായ ഉപഭോക്തൃ, വിപണന സഹകരണ സംഘ മേഖലയിലും കേരളത്തിലെ സഹകരണപ്രസ്ഥാനം സജീവമായി ഇടപെടണമെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു.
കണയന്നൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി. എസ്. ഷൺമുഖദാസ്, കണയന്നൂർ അസി. രജിസ്ട്രാർ കെ. ശ്രീലേഖ എന്നിവർ പങ്കെടുത്തു