മണ്ണിന്റെ ഗുണനിലവാരവും, വളക്കൂറും, മനസിലാക്കിയുള്ള കൃഷിരീതികള്‍ പ്രോത്സാഹിക്കപ്പെടണമെന്ന് മണ്ണ് സംരക്ഷണ വകുപ്പ് സെമിനാര്‍ അഭിപ്രായപ്പെട്ടു. മണ്ണ് സംരക്ഷണവും നീര്‍ത്തടാധിഷ്ഠിത വികസനവും ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന കാലത്തിലൂടെയാണ് കാര്‍ഷിക മേഖല കടന്ന് പോകുന്നത്. വൃക്ഷങ്ങള്‍, കുറ്റിച്ചെടികള്‍, പുല്ലുകള്‍ എന്നിവ നട്ടു പരിപോഷിപ്പിച്ച് ഹരിതവത്ക്കരണം സാധ്യമാക്കണം. നീര്‍ത്തട സംരക്ഷണത്തിന് സമ്മിശ്ര ബഹുനിലകൃഷി, പുതയിടല്‍, കോണ്ടൂര്‍ കൃഷി രീതി, ജൈവ മതില്‍, ചകിരി കുഴികള്‍, ഓട, മുള വെച്ചു പിടിപ്പിക്കല്‍, കാവ് സംരക്ഷണം എന്നിവ സജീവമായി നടപ്പിലാക്കണം. വായു, ജലം, മൂലകങ്ങള്‍, ജൈവാംശം, സൂക്ഷജീവികള്‍ എന്നിവയുടെ സന്തുലിതാവസ്ഥ മണ്ണിന്റെ ആരോഗ്യത്തിന് അനിവാര്യമാണ്. ശാസ്ത്രീയമായ മണ്ണ് പരിശോധന ഏറെ പ്രധാനപ്പെട്ടതാണെന്നും സെമിനാറില്‍ അഭിപ്രായമുയര്‍ന്നു.
കല്‍പ്പറ്റ സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മണ്ണ് പരിശോധന ലാബില്‍ മണ്ണ് പരിശോധിക്കുന്ന തിനുള്ള സജ്ജീകരണങ്ങളുണ്ട്. എന്റെ കേരളം പ്രദര്‍ശന വിപണനമേളയിലെ മണ്ണ് സംരക്ഷണ വകുപ്പൊരുക്കിയ സറ്റാളിലും മണ്ണ് പരിശോധിക്കാമെന്നും മണ്ണ് സംരക്ഷണ വകുപ്പ് അറിയിച്ചു.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന എന്റെ കേരളം മേളയിലെ സെമിനാര്‍
പത്മശ്രീ ജേതാവും പാരമ്പര്യ നെല്‍വിത്ത് സംരക്ഷകനുമായ ചെറുവയല്‍ രാമന്‍ ഉദ്ഘാടനം ചെയ്തു. കാലാവസ്ഥക്ക് അനുയോജ്യമായ നീര്‍ത്തട വികസനമാണ് വയനാട്ടില്‍ വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു . വയനാട്ടിലെ ചതുപ്പു നിലങ്ങള്‍ സംരക്ഷിക്കപ്പെടണം. മണ്ണ് സംരക്ഷണത്തിന് നടപ്പിലാക്കേണ്ട പുതുപദ്ധതികള്‍ കണ്ടെത്തണമെന്നും, വരും തലമുറ മണ്ണിനെയും, കൃഷിയെയും അറിഞ്ഞു വളരാനുള്ള സാഹചര്യ മെരുക്കണമെന്നും ചെറുവയല്‍ രാമന്‍ പറഞ്ഞു. മണ്ണ് സംരക്ഷണം, നീര്‍ത്തടിധിഷ്ഠിത വികസനം, മണ്ണിന്റെ ആരോഗ്യം എന്നീ വിഷയങ്ങളില്‍ മാനന്തവാടി മണ്ണ് സംരക്ഷണ ഓഫീസര്‍ ഇ.കെ അരുണ്‍, എച്ച്.എസ്.എ.എല്‍ കല്‍പ്പറ്റ സീനിയര്‍ കെമിസ്റ്റ് പി.ആര്‍ രഞ്ജിനി എന്നിവര്‍ വിഷയാ വതരണം നടത്തി.ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ ബിന്ദു മേനോന്‍, മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടര്‍ സി. ബി ദീപ തുടങ്ങിയവര്‍ പങ്കെടുത്തു.