റവന്യു സേവനങ്ങള്‍ വിരല്‍ തുമ്പിലൂടെ ലഭ്യമാക്കാനായി ആവിഷ്‌കരിച്ച ഓണ്‍ലൈന്‍ കൈപുസ്തകം ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് പ്രകാശനം ചെയ്തു. റവന്യു വകുപ്പില്‍ നിന്നും നല്‍കുന്ന 24 ഓളം സേവനങ്ങള്‍ക്ക്് ഓണ്‍ലൈന്‍ സംവിധാനമുപയോഗിച്ച് എങ്ങനെ അപേക്ഷ സമര്‍പ്പിക്കാം എന്ന് വിശദമാക്കുന്നതാണ് ഇ- കൈപുസ്തകം. കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ 24 ഓളം സര്‍ട്ടിഫിക്കറ്റുകളാണ് റവന്യൂ വകുപ്പില്‍ നിന്നും ഓണ്‍ലൈനായി ലഭിക്കുന്നത്. ഭൂനികുതി ,സാമുഹ്യ സുരക്ഷാ പെന്‍ഷന്‍, പരാതി പരിഹാര മിത്രം എന്നീ സേവനങ്ങളെ കുറിച്ചും കൈപ്പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുളള പോര്‍ട്ടല്‍ വിവരങ്ങളും കൈപുസ്തകത്തില്‍ നല്‍കിയിട്ടുണ്ട്. എന്റെ കേരളം പ്രദര്‍ശന മേളയില്‍ റവന്യൂ വകുപ്പ് ഒരുക്കിയ സ്റ്റാളില്‍ ക്യൂ.ആര്‍ കോഡ് ഉപയോഗിച്ച് കൈപുസ്തകം ഡൗണ്‍ലോഡ് ചെയ്യാനുളള സൗകര്യവും റവന്യൂ വകുപ്പ് ഒരുക്കിയിട്ടുണ്ട്. ചടങ്ങില്‍ എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ.ഗോപിനാഥ്, കെ.അജീഷ്, വി.അബൂബക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
