വയനാട്: പ്രളയത്തെ തുടര്‍ന്ന് വയലുകളിലും കൃഷിയിടങ്ങളിലും അടിഞ്ഞുകൂടിയ മണലുകള്‍ നീക്കം ചെയ്യുന്നതിന് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ജില്ലാ കളക്ടറുടെ അദ്ധ്യകഷതയില്‍ ചേര്‍ന്ന റിവര്‍ മാനേജ്മെന്റ് യോഗത്തിലാണ് തീരുമാനം. അതിരൂക്ഷമായ കാലവര്‍ഷത്തില്‍ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ജില്ലയില്‍ നേരിട്ടത്. കൃഷിഭൂമി വന്‍തോതില്‍ മണല്‍ അടിഞ്ഞുകൂടി കൃഷിയോഗ്യമല്ലാതായി മാറി. അടിഞ്ഞുകൂടിയ മണല്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് യോഗം വിലയിരുത്തി. നദീതീരങ്ങളിലും വയലുകളിലും കൃഷിയിടങ്ങളിലും അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി പ്രത്യേകം ഉത്തരവിറക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യാം. ഇങ്ങനെ ശേഖരിക്കുന്ന മണല്‍ പഞ്ചായത്തുകളിലെ സംഭരണകേന്ദ്രങ്ങളില്‍ സൂക്ഷിക്കണം. ഇതിനായി ചെലവ് വരുന്ന തുക റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ നിന്നും വിനിയോഗിക്കും. വയലുകളില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുമ്പോള്‍ അതതു പ്രദേശത്ത് പാടശേഖരസമിതിയുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ ആരായണം. നിര്‍ദ്ദേശങ്ങള്‍ കൃഷി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ മുഖേന വിവിധ പാടശേഖര സമിതികളെ അറിയിക്കണം. വയലുകളിലെ അടിഞ്ഞ് കൂടിയ മണല്‍ നീക്കം ചെയ്യുമ്പോള്‍ അതിന്റെ അളവ് പ്രദേശിക നീര്‍ത്തടകമ്മറ്റി ഉറപ്പാക്കണം. നദീതീരങ്ങളിലും കൃഷിഭൂമികളിലും അടിഞ്ഞുകൂടിയ മണല്‍ മാത്രമാണ് ഇങ്ങിനെ നീക്കം ചെയ്യാനാവുക. മറ്റിടങ്ങളില്‍ നിന്നും മണല്‍ ഖനനം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം പ്രകാരമുള്ള പ്രാദേശിക നിരീക്ഷണ സമിതിയുടെ നിരീക്ഷണത്തിനും വിധേയമായി മാത്രമേ മണല്‍ നീക്കം ചെയ്യാന്‍ പാടുള്ളൂ. ഇതിനായി സമിതിയുടെ കണ്‍വീനര്‍മാരായ കൃഷി ഓഫിസര്‍മാര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കൃഷി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ യഥാസമയം നല്‍കണം. നദീതീരങ്ങളീലെ മണല്‍ നീക്കം ചെയ്യുമ്പോള്‍ കൈവശ ഭൂമിയുടെ അതിര്‍ത്തികള്‍ക്ക് മാറ്റം വരുത്താന്‍ പാടില്ല. ഇക്കാര്യം അധികൃതര്‍ ഉറപ്പുവരുത്തണം. പ്രവൃത്തികള്‍ നിരീക്ഷിക്കുന്നതിന് ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്മാര്‍ക്ക് അധികാരമുണ്ടായിരിക്കും. പഞ്ചായത്ത് യാര്‍ഡുകളില്‍ സൂക്ഷിക്കുന്ന മണല്‍ യാതൊരു കാരണവശാലും വില്‍പ്പന നടത്താന്‍ പാടില്ല. ഇത് കളക്ടറുടെ മുന്‍കൂര്‍ അനുമതിയോടുകൂടി പൊതു ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താം. അടിഞ്ഞുകൂടിയ മണല്‍ ശേഖരിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. ജനപ്രതിനിധികളും വിവിധ സമിതിയംഗങ്ങളും വകുപ്പ് തല ഉദ്യോഗസ്ഥരും യോഗത്തില്‍പങ്കെടുത്തു.