സംസ്ഥാന സർക്കാരിന്റെ “നവകേരളം വൃത്തിയുള്ള കേരളം ” ക്യാമ്പയിൻ ഏറ്റെടുത്ത് താന്ന്യം പഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണത്തിന് തുടക്കമായി. പഞ്ചായത്തിലെ മാക്കോറ്റിത്തോട് പരിസരം ശുചീകരിക്കുന്നതിനായി തുടക്കം കുറിച്ച പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് രതി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

മാലിന്യമുക്ത ജില്ലയ്ക്കായി ഏറ്റെടുത്ത ശുചിത്വ പൂരം ജില്ലാ ക്യാമ്പയിന്റെ ഭാഗമായാണ് ഘട്ടം ഘട്ടമായി പ്രവർത്തനങ്ങൾ ഒരുക്കുന്നത്. മാലിന്യ മുക്ത ജില്ലയായി തൃശൂരിനെ മാറ്റാനുള്ള ലക്ഷ്യത്തിന്റെ ആദ്യ പടിയാണ് ശുചിത്വ പൂരം. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലാളി പദ്ധതിയുടെ നീരുറവ് ക്യാമ്പയിൻ സംഘടിപ്പിച്ച് കൊതുക് നിർമ്മാർജന പ്രവർത്തനങ്ങൾ , ജല സ്രോതസുകളുടെയും നീർച്ചാലുകളുടെയും നവീകരണം തുടങ്ങിയ മുൻകരുതൽ പ്രവർത്തനങ്ങൾ പഞ്ചായത്തിൽ നടന്നു.

ക്യാമ്പയിനിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ബി സദാശിവൻ, വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷൈനി ബാലകൃഷ്ണൻ , സെക്രട്ടറി കെ പി അനിൽ , വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു