മാലിന്യം വലിച്ചെറിയല്‍ വിമുക്ത ഗ്രാമമാകാനൊരുങ്ങി കുമ്പളം. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘മാലിന്യം വലിച്ചെറിയല്‍ വിമുക്ത ഗ്രാമം’ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയ തെങ്ങുംപ്പള്ളി പ്രദേശം, മഠത്തില്‍ പറമ്പ് റോഡ്, മുക്കാഞ്ഞിരത്ത് കോളനി തുടങ്ങിയ പ്രദേശങ്ങളില്‍ ജെസിബി ഉപയോഗിച്ച് ശുചീകരണം നടത്തി. പദ്ധതിയുടെ ഭാഗമായി മെയ് നാലിന് കുമ്പളത്ത് ശുചീകരണം നടത്തും.
കുമ്പളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി കാര്‍മ്മലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ തീരുമാനിച്ചത് പ്രകാരമാണ് പഞ്ചായത്തില്‍ ശുചീകരണയജ്ഞം ആരംഭിച്ചത്. വാര്‍ഡ് തലത്തില്‍ സ്കാഡുകള്‍ രൂപീകരിക്കുന്നതിനും മെയ് ഏഴ് മുതല്‍ 14 വരെ ഭവന സന്ദര്‍ശനം, ബോധവല്‍ക്കരണം എന്നിവ നടത്താനും യോഗത്തിൽ തീരുമാനിച്ചു. ജലമലിനീകരണം കണ്ടെത്തുന്നതിനും സ്ക്വാഡ് പ്രവര്‍ത്തിക്കും. എല്ലാ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അജൈവമാലിന്യങ്ങള്‍ ശേഖരിക്കുന്നുവെന്ന് ഉറപ്പാക്കും. സഹകരിക്കാത്തവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം.
മഴക്കാലപൂര്‍വ്വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഗ്രാമത്തെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പഞ്ചായത്ത് പ്രവര്‍ത്തിക്കുന്നത്. ആരോഗ്യ ജാഗ്രതാ പദ്ധതിയുടെ ഭാഗമായും പഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. സ്ക്വാഡ് രൂപീകരണം, ക്ലോറിനേഷന്, ഹരിത കര്‍മ്മസേനാംഗങ്ങളുടെ ലാര്‍വ്വ നശീകരണ പ്രവര്‍ത്തനങ്ങള്‍, കൊതുക് ഉറവിട നശീകരണം, കാന ശുചീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിച്ചിട്ടുണ്ട്.