ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്ലാസ്റ്റിക് വിമുക്ത ക്യാമ്പയിൻ്റെ ഭാഗമായി ആയഞ്ചേരി ടൗണിൽ പൊതുജന പങ്കാളിത്തത്തോടെ ശുചീകരണ പ്രവൃത്തി നടത്തി. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ടീയ പാർട്ടി നേതാക്കൾ, ഹരിതസേനാംഗങ്ങൾ, ആശാ വർക്കർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, വ്യാപാരികൾ, സാമൂഹ്യ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് ടൗണിൽ ശുചീകരണ പ്രവൃത്തി നടത്തിയത്. പഞ്ചായത്ത് പ്രസിഡൻ്റ് കാട്ടിൽ മൊയ്തു മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.
അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് എം സി എഫിലേക്ക് മാറ്റുകയും ജൈവ മാലിന്യങ്ങൾ സംസ്കരിക്കുകയും ചെയ്തു. തുടർന്ന് ജൈവ മാലിന്യങ്ങൾ സ്വയം സംസ്കരിക്കുന്നതിനും, അജൈവ മാലിന്യങ്ങൾ ഹരിതകർമ്മ സേനാംഗങ്ങൾക്ക് കൈമാറുന്നതിനും ഉദ്യോഗസ്ഥർ ടൗണിലെ മുഴുവൻ കച്ചവട സ്ഥാപനങ്ങളിലും കയറി നിർദ്ദേശം നൽകി.
വൈസ് പ്രസിഡന്റ് സരള കൊള്ളിക്കാവിൽ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ അഷറഫ് വെള്ളിലാട്ട്, പി.എം ലതിക, ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, വാർഡ് മെമ്പർമാരായ എൻ.അബ്ദുൽഹമീദ്, ടി.കെ. ഹാരിസ്, എം.വി.ഷൈബ, പി.കെ. ലിസ, പി.കെ ആയിഷ ടീച്ചർ, സി.എം. നജ്മുന്നിസ, പഞ്ചായത്ത് സെക്രട്ടറി പി.കെ. സുജിത്ത്, ഹെൽത്ത് ഇൻസ്പെക്ടർ സജീവൻ, വി. ഇ. ഒ. വിജിത്ത്, രാഷ്ട്രീയ പാർട്ടി നേതാക്കളായ മൻസൂർ എടവലത്ത്, കണ്ണോത്ത് ദാമോദരൻ, കെ. സോമൻ, വി.ഹനീഫ്, സി.എച്ച്. ഹമീദ്, ആനാണ്ടി കുഞ്ഞമ്മദ്, വി.എസ്.എച്ച്.തങ്ങൾ, മുത്തു തങ്ങൾ എന്നിവർ പ്രവൃത്തിക്ക് നേതൃത്വം നൽകി.