പുരയിടത്തിലേക്ക് കയറാനുള്ള ഏക വഴിയായ പടിക്കെട്ടുകള്‍ പുനഃസ്ഥാപിക്കണം എന്ന ആവശ്യവുമായാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ സഹപാഠിയുടെ അമ്മയായ ലീലാമ്മ ഈശോ കോന്നി താലൂക്ക് തല അദാലത്തില്‍ മന്ത്രിയുടെ മുന്നില്‍ എത്തുന്നത്. മകനൊപ്പം വിദേശത്ത് കഴിയുകയായിരുന്ന ഹൃദ്രോഗിയായ ലീലാമ്മ നാട്ടിലെത്തുമ്പോള്‍ കാണുന്നത് കുമ്പഴ പാലത്തിന് സമീപമുള്ള തന്റെ വീട്ടിലേക്കുള്ള പടിക്കെട്ട് പൊതുമരാമത്ത് വകുപ്പിന്റെ പണികളെ തുടര്‍ന്ന് തകര്‍ത്തിരിക്കുന്നതാണ്. വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട മന്ത്രി വീണാ ജോര്‍ജ്, അടിയന്തരമായി പടികള്‍ പുനസ്ഥാപിച്ചു നല്‍കണമെന്ന് ഉത്തരവിടുകയായിരുന്നു. ഏഴ് ദിവസത്തിനകം പണി പൂര്‍ത്തിയാക്കി നല്‍കണമെന്നും, കെ എസ് ടി പി അസിസ്റ്റന്റ് എന്‍ജിനീയര്‍ പരിശോധന നടത്തി ഉറപ്പ് വരുത്തണമെന്നും നിര്‍ദേശം നല്‍കി.