ശില്പശാല സംഘടിപ്പിച്ചു
2024-ഓടെ എല്ലാ ഗ്രാമീണ വീടുകള്‍ക്കും കുടിവെള്ള കണക്ഷനുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജല്‍ജീവന്‍ മിഷന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വീടുകളെയും പദ്ധതിയുടെ ഭാഗമാക്കുന്നതിന് ജനപ്രതിനിധികള്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും ശില്പശാല സംഘടിപ്പിച്ചു.
കോട്ടായി ഗ്രാമപഞ്ചായത്ത്, കേരള വാട്ടര്‍ അതോറിറ്റി, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്. കേരള വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ ജയേഷ്, അസിസ്റ്റന്റ് എക്്സിക്യൂട്ടീവ് എന്‍ജിനീയര്‍ എം. മഞ്ജുറാണി എന്നിവര്‍ ജല്‍ജീവന്‍ മിഷന് സംബന്ധിച്ച് വിഷയാവതരണം നടത്തി.
ഗ്രാമപഞ്ചായത്തിലെ 3900-ഓളം വീടുകളില്‍ ഇതുവരെ കണക്ഷന് നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള വീടുകളില്‍ പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. ഓഗസ്റ്റ് മാസത്തോടെ ജലവിതരണം പൂര്‍ത്തിക്കുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കിണറുകളുടെയും ടാങ്കുകളുടെയും പ്രവൃത്തി അന്തിമഘട്ടത്തിലാണ് ശില്പശാലയില് പങ്കെടുത്തവരുടെ സംശയങ്ങള്‍ക്ക് എന്‍ജിനീയര്‍മാര്‍ മറുപടി നല്കി.
കൃഷിഭവന് ഹാളില്‍ നടന്ന പരിപാടി കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സതീഷ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാധ മോഹന്‍ അധ്യക്ഷയായി. കോട്ടായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ആര് അനിത, സ്ഥിരം സമിതി അധ്യക്ഷരായ മഹേഷ് കുമാര്‍, വി. വിനീത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാധാകൃഷ്ണന്, മിനിമോള്‍, ലക്ഷ്മിക്കുട്ടി, രജിത, അംബിക, ഗീത, സി. അനിത, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ശാന്തകുമാരി എന്നിവര്‍ സംസാരിച്ചു. സി.ഡി.എസ് അംഗങ്ങള്‍, അങ്കണവാടി അധ്യാപകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.