ആർദ്രം മിഷന്റെ ഭാഗമായി മികച്ച സേവനങ്ങൾ ലഭ്യമാക്കി ആശുപത്രികളെ രോഗീസൗഹൃദവും ജനസൗഹൃദവുമാക്കി തീർക്കുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ വാടാനപ്പള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യം കേന്ദ്രമാക്കി നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ കേന്ദ്രങ്ങളിൽ ആശ്വാസത്തിന്റെ അന്തരീക്ഷം ഒരുക്കും. നല്ല ചികിത്സയും ഉറപ്പാക്കും. ആർദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ ആരോഗ്യരംഗത്ത് പ്രാഥമികതലത്തിൽ ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആക്കി മാറ്റും. സെക്കൻഡറി തലത്തിൽ ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ എല്ലാം സ്പെഷാലിറ്റി സർവീസ് ആരംഭിക്കും.
മൂന്നാംതലത്തിൽ മെഡിക്കൽ കോളേജുകളും ശക്തിപ്പെടുത്തും. 5409 സബ് സെന്ററുകളാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ആക്കി ഉയർത്തിയത്. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് കീഴിൽ ജനകീയ ആരോഗ്യ ക്ലബ്ബുകൾ സംഘടിപ്പിക്കും. വ്യായാമം ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കും. ഇതുവഴി ക്ലസ്റ്ററുകൾ തിരിച്ച് ആരോഗ്യപരിപാലനം സാധ്യമാക്കാൻ ആകുമെന്നും മന്ത്രി പറഞ്ഞു.
നവകേരളം കർമ്മ പദ്ധതി രണ്ടിന്റെ ഭാഗമായി 38 ലക്ഷം രൂപ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച് പാലിയേറ്റീവ് നേഴ്സിങ് റൂം, റെക്കോർഡ് കീപ്പിംഗ് റൂം, രജിസ്ട്രേഷൻ കൗണ്ടർ,കാത്തിരിപ്പു മുറി, കുടിവെള്ളം, ഇരിപ്പിടം ടിവി, വായന സൗകര്യം, ചെക്ക് അപ്പ് ഏരിയ, ഫാർമസി തുടങ്ങിയ സൗകര്യങ്ങൾ അടങ്ങിയതാണ് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ചടങ്ങിൽ മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ ടി പി ശ്രീദേവി റിപ്പോർട്ട് അവതരിപ്പിച്ചു. ടി എൻ പ്രതാപൻ എംപി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ബി സുരേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ശാന്തി ഭാസി, പി ഐ സജിത, എം ആർ ദിനേശൻ, സുശീല, ഷിനിത ആഷിക്, സി എച്ച് സി വാടാനപ്പള്ളി സൂപ്രണ്ട് പി എം മിനി, ജില്ലാ പ്രോഗ്രാം മാനേജർ ടി വി റോഷ് മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.