പ്രഷര്‍ കൂടുതലാണല്ലോയെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞപ്പോഴുള്ള അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എയുടെ കമന്റ് ചിരി പടര്‍ത്തി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയിലെ ആരോഗ്യവകുപ്പിന്റെ സ്റ്റാള്‍ സന്ദര്‍ശിക്കവേയാണ് എംഎല്‍എ പ്രഷര്‍ പരിശോധിച്ചത്.
ജനകീയാരോഗ്യകേന്ദ്രത്തിന്റെ മോഡലില്‍ ഒരുക്കിയിരിക്കുന്ന സ്റ്റാള്‍ ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാണെന്നും മികച്ച രീതിയിലുള്ള സേവനങ്ങളാണ് ഇവിടെ നിന്നും ലഭിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു. പൊതുജനാരോഗ്യമേഖലയില്‍ ജനപങ്കാളിത്തത്തോടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി സംസ്ഥാനത്തെ എല്ലാ ആരോഗ്യഉപകേന്ദ്രങ്ങളേയും ജനകീയാരോഗ്യകേന്ദ്രങ്ങളാക്കി സര്‍ക്കാര്‍ ഉയര്‍ത്തുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ജനകീയാരോഗ്യകേന്ദ്രത്തിന്റെ മാതൃകയില്‍ സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്.
അനീമിയ മുക്തകേരളം ലക്ഷ്യമിട്ടുള്ള വിവ കാമ്പയിന്റെ ഭാഗമായി 15 മുതല്‍ 59 വയസു വരെയുള്ള സ്ത്രീകളില്‍ ഹീമോഗ്ലോബിന്‍ പരിശോധനയും സ്റ്റാളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോന്നി മെഡിക്കല്‍ കോളജില്‍ നിന്നെത്തിച്ചിട്ടുള്ള ആന്തരികാവയവത്തിന്റേയും ഭ്രൂണത്തിന്റേയും മാതൃകകളും ജീവിതശൈലീരോഗനിര്ണയവും, ഇ-ഹെല്‍ത്ത് സേവനങ്ങളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. സ്റ്റാളിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഇ-ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സംവിധാനവുമുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്.