കാക്കനാട്: പ്രളയബാധിത പ്രദേശങ്ങളില്‍ ഡിജിറ്റല്‍ സര്‍വേയില്‍ ഇതുവരെ 103940 വീടുകളുടെ സര്‍വ്വേ പൂര്‍ത്തീകരിച്ചു. സംസ്ഥാനത്ത് എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വീടുകളില്‍ സര്‍വ്വേ പൂര്‍ത്തീകരിച്ചത്. 35 കോളേജുകളില്‍ നിന്നായി 8000 സന്നദ്ധ പ്രവര്‍ത്തകരാണ് വിവര ശേഖരണത്തിനായി പ്രയത്നിക്കുന്നത്. ശേഖരിക്കുന്ന വിവരങ്ങള്‍ ജിയോടാഗ് ചെയ്ത് അംഗീകാരത്തിന് സമര്‍പ്പിക്കും. റീബില്‍ഡ് കേരള ആപ്പ് വഴിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. rebuild.lsgkerala.gov.in എന്ന വെബ് സൈറ്റില്‍ സര്‍വ്വേയുടെ പൂര്‍ണ്ണ വിവരങ്ങള്‍ അറിയാം. രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍വ്വേ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ കെ.മുഹമ്മദ് വൈ. സഫീറുള്ള പറഞ്ഞു. ധനസഹായ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സുതാര്യമായാണ് പുരോഗമിക്കുന്നത്. വിവരശേഖരണ പ്രക്രിയയില്‍ ഉണ്ടായ തെറ്റുകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ പരിഹരിക്കും.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. പ്രളയ മാലിന്യങ്ങള്‍ നീക്കംചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്ന് പൂര്‍ത്തിയാകും.ജില്ലയില്‍ പ്രളയബാധിതമായ 99.6 ശതമാനം വീടുകളും വൃത്തിയാക്കി കഴിഞ്ഞു. ദുരന്തമേഖലയില്‍ 71045 കിണറുകള്‍ വൃത്തിയാക്കി. പ്രളയമാലിന്യങ്ങളുടെ സംസ്കരണമായിരുന്നു വെല്ലുവിളി ഉയര്‍ത്തിയ പ്രശ്നം. പ്രളയാനന്തരം ജില്ലയില്‍ ഇതുവരെ പശു, പോത്ത് മുതലായ 2691 വലിയ മൃഗങ്ങളളെയും , ആട്, പട്ടി മുതലായ 2462 ചെറിയ മൃഗങ്ങളെയും കോഴികളടക്കമുള്ള 145150 പക്ഷികളെയും സംസ്ക്കരിച്ചു. അജൈവമാലിന്യങ്ങളുടെ സംസ്കരണത്തിനായുള്ള നടപടികളും ജില്ലയില്‍ പുരോഗമിക്കുകയാണ്. അജൈവമാലിന്യങ്ങളായ പ്ലാസ്റ്റ്റ്റിക്കിന് പുറമേ ഇ വേസ്റ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു. 12200 ടണ്‍ ജൈവ മാലിന്യങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സംസ്കരിച്ചു. 33 പ്രളയ ബാധിത തദ്ദേശസ്വയംഭരണ സ്ഥാപന പരിധികളിലായി 8200 ടണ്‍ അജൈവ മാലിന്യങ്ങള്‍ ബ്രഹ്മപുരത്തും 950 ടണ്‍ കെ.ഇ.ഐ.എല്ലിലേക്കും പിഗ്മെന്റ്സ് ഇന്ത്യാ ലിമിറ്റഡിലേക്ക് 600 ടണ്ണും കളമശ്ശേരി എച്ച്.എം.ടിയിലേക്ക് 360 ടണ്ണും സംസ്കരണത്തിനായി എത്തിച്ചു. ഇവ തരം തിരിച്ച് സംസ്കരിക്കുന്നതിന് വേണ്ട നടപടികള്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും.
10110 ടണ്‍ അജൈവ മാലിന്യങ്ങള്‍ വിവിധ പഞ്ചായത്തുകളില്‍ നിന്നായി ശേഖരിച്ചിട്ടുണ്ട്. പറവൂര്‍, ആലങ്ങാട് ബ്ളോക്ക് പഞ്ചായത്തുകളില്‍ ആരംഭിച്ച ഇ വേസ്റ്റ് കളക്ഷന്‍ െ്രെഡവില്‍ 1000 കിലോ ഇ വേസ്ററ് സംഭരിച്ചു.
ദുരന്തമേഖലയിലെ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനായി ആരംഭിച്ച ശ്രദ്ധ പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് കളക്ടര്‍ പറഞ്ഞു. മൂന്ന് ദിവസത്തിലൊരിക്കല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശ്ശിച്ച് ആരോഗ്യ സര്‍വ്വേ നടത്തുന്നു. ഒരു സന്നദ്ധ പ്രവര്ത്തകന് 40 വീടുകളിലാണ് സേവനത്തിനായി എത്തുന്നത്. ജില്ലയിലെ എന്‍.എസ്.എസ് വോളന്റിയര്‍മാര്‍ പനിക്കെതിരെ പടവാള് എന്ന പേരില്‍ പ്രചാരണപരിപാടികളും സംഘടിപ്പിച്ചു.
അവശ്യവസ്തുക്കളുടെ വിതരണത്തില്‍ ജില്ല മികച്ച മാതൃക
കാക്കനാട്: ദുരന്തബാധിത മേഖലയിലെ 40000ല്‍ അധികം ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് കൂടുതലായി എത്തിച്ചേര്‍ന്ന അവശ്യ വസ്തുക്കള്‍ ജില്ലാഭരണകൂടം വിതരണം ചെയ്തു. ഇതുവരെ വിതരണം ചെയ്ത 229326 റിലീഫ് കിറ്റുകള്‍ക്ക് പുറമേയാണിത്. പറവൂര്‍, ആലുവ, കണയന്നൂര്‍ തുടങ്ങിയ താലൂക്കുകളിലെ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സ്കൂളുകള്‍ കേന്ദ്രീകരിച്ചായിരുന്നു കൂടുതല്‍ ദുരിതാശ്വാസ സാമഗ്രികളുടെ വിതരണം നടത്തിയത്. പറവൂര്‍ താലൂക്കില്‍ 15921 കുടുംബങ്ങള്‍ക്കും, ആലുവ താലൂക്കില്‍ 19909 കുടുംബങ്ങള്‍ക്കും കണയന്നൂര്‍ താലൂക്കില്‍ 4266 കുടുംബങ്ങള്‍ക്കും ഇത്തരത്തില്‍ അവശ്യവസ്തുക്കള്‍ വിതരണം ചെയ്തു. അടുത്ത ആഴ്ച്ച സ്കൂള്‍ അവധി ദിനങ്ങളില്‍ വൈപ്പിന്‍ ബ്ലോക്കിലെ കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്യും. ട്രെയിന്‍ വഴി പാലക്കാട് എത്തുന്ന അവശ്യസാധനങ്ങളാണ് ഇങ്ങനെ വിതരണം ചെയ്യുന്നത്. ജില്ലയില്‍ 168298 കുടുംബങ്ങളെയാണ് പ്രളയം ബാധിച്ചത്.