ശബരിമലയില്‍ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടന്നുവരുന്നു. പമ്പ മുതല്‍ സന്നിധാനം വരെയുള്ള വഴികളില്‍ 13 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൊതുകു നശീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സന്നിധാനത്ത് പാണ്ടിത്താവളം, മാഗുണ്ട അയ്യപ്പനിലയം, മീഡിയാ സെന്ററിനായി നിര്‍മാണം നടന്നു വരുന്ന സ്ഥലം, പോലീസ് ക്വാര്‍ട്ടേഴ്സ് പരിസരം, ഗോശാലയും പരിസര പ്രദേശങ്ങളും, ശൗചാലയ ബ്ലോക്കുകള്‍ എന്നിവിടങ്ങളില്‍ കൂത്താടികളെ നശിപ്പിക്കുന്നതിനായി സ്പ്രേയിംഗ് നടത്തി. വലിയ നടപ്പന്തലിനു സമാന്തരമായ ഫ്ളൈഓവറിനോടു ചേര്‍ന്നുള്ള ടാങ്കുകളില്‍ മരുന്ന് തളിച്ചു.
കൊതുകുകളുടെ ഉറവിട നശീകരണം, കൊതുകു സാന്ദ്രത കണ്ടെത്തുന്നതിനായുള്ള വെക്ടര്‍ സര്‍വേ എന്നിവയും നടന്നുവരുന്നു. ഫോഗിംഗ് പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. ഭക്ഷണ വിതരണ കേന്ദ്രങ്ങളില്‍ ഒരു റൗണ്ട് ശുചിത്വ പരിശോധന പൂര്‍ത്തിയാക്കി. ഇതിന്റെ ഭാഗമായി ശുചിത്വ നിര്‍ദേശങ്ങള്‍ നല്കി. തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുന്ന മുറയ്ക്ക് മുഴുവന്‍ തൊഴിലാളികള്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നേടുന്നതിനും നിര്‍ദേശിച്ചു. കൊതുക് ജന്യരോഗങ്ങളായ മലമ്പനി, മന്ത് രോഗ പരിശോധനയ്ക്കായി രാത്രികാല രക്തപരിശോധന ക്യാമ്പ് വഴി 54 പേരുടെ രക്ത സാമ്പിളുകള്‍ ശേഖരിച്ച് ലാബില്‍ നല്കി. ഇതരസംസ്ഥാനക്കാരായ മുഴുവന്‍ തൊഴിലാളികളുടെയും രക്തസാമ്പിളുകള്‍ ശേഖരിക്കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമുള്ളത്ര ബ്ലിച്ചിംഗ് പൗഡര്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഇത് ആവശ്യാനുസരണം സാനിറ്റേഷന്‍ സൂപ്പര്‍വൈസര്‍മാര്‍ക്ക് വിതരണം ചെയ്തു വരുന്നു. സന്നിധാനത്ത് സേവനമനുഷ്ഠിച്ചു വന്നിരുന്ന രണ്ടു പേര്‍ക്ക് ചിക്കന്‍പോക്സ് രോഗ ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ ജോലിയില്‍നിന്നും വിടുതല്‍ നല്കി നാട്ടിലേക്ക് അയച്ചു. ആവശ്യമായ മറ്റ് പ്രതിരോധ നടപടികള്‍ സ്വീകരിച്ചു. തൊഴിലാളികളുടെ വാസസ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി ആരോഗ്യബോധവത്കരണം നടത്തി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എം. ഷാജി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.കെ. സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സി.സി. ജയന്, ആര്.ബി. ഗോപകുമാര്‍, ഫീല്‍ഡ് വര്‍ക്കര്‍മാരായ സി.വി. വിജിത്ത്, എം.എസ്. സുന്ദരന്‍ എന്നിവരാണ് സന്നിധാനത്തെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത്.
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം
പമ്പയിലും പരിസര പ്രദേശങ്ങളിലും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഹോട്ടലുകളില്‍ പരിശോധന, കൊതുകിന്റെ ഉറവിട നശീകരണം, സ്പ്രേയിംഗ്, ഫോഗിംഗ്, ഇതരസംസ്ഥാന തൊഴിലാളികളുടെ രാത്രികാല രക്ത പരിശോധന തുടങ്ങിയവ ശക്തമാക്കി. ഹോട്ടല്‍ തൊഴിലാളികള്‍ നിര്‍ബന്ധമായും ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്നും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ തീര്‍ഥാടകര്‍ക്ക് നല്‍കാവൂയെന്നും മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കണമെന്നും നിര്‍ദേശം നല്കി. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടികള്‍ ത്വരിതപ്പെടുത്തുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.