ജില്ലയിലെ പ്രളയക്കെടുതി നേരിട്ട പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്തുന്നതിനായി ലോക ബാങ്ക്, ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് പ്രതിനിധികള്‍ ജില്ലയിലെത്തി. രാവിലെ ജില്ലാ കലക്ടറും വകുപ്പ് മേധാവികളുമായി സംഘം ചര്‍ച്ച നടത്തിയതിനു ശേഷം മൂന്ന് ടീമുകളായാണ് സംഘം ജില്ലയിലെ വിവിധ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ തിരിച്ചത്. ആര്‍.ഡി.ഒ പി കാവേരിക്കുട്ടിയുടെ നേതൃത്വത്തില്‍ നെന്മാറ, നെല്ലിയാമ്പതി മേഖല, എ.ഡി.എം ടി.വിജയന്റെ നേതൃത്വത്തില്‍ പാലക്കാട്, കഞ്ചിക്കോട്, ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജിന്റെ നേതൃത്വത്തില്‍ പട്ടാമ്പി, തൃത്താല മേഖലകളിലേക്കാണ് സംഘം തിരിച്ചത്. കൃഷി, ഉപജീവനം, ടൂറിസം, കാലാവസ്ഥ, നഗര പശ്ചാത്തല സൗകര്യങ്ങള്‍, ഗതാഗതം, ദുരന്തനിവാരണം, കുടിവെളളം, പൊതുശുചിത്വം തുടങ്ങിയ മേഖലകളിലെ വിദഗ്ധര്‍ സംസ്ഥാനമൊട്ടാകെ സന്ദര്‍ശനം നടത്തി പ്രളയക്കെടുതി വിലയിരുത്തുന്നതിന്റെ ഭാഗമായാണ് പാലക്കാടെത്തിയത്.
നെന്മാറ അലുവാശ്ശേരി, പോത്തുണ്ടി, നെല്ലിയാമ്പതി ദുരന്ത തീവ്രത വിലയിരുത്തി
പരിസ്ഥിതി വിദഗ്ധ ദീപ ബാലകൃഷ്ണന്‍, ഗതാഗത മേഖലാ വിദഗ്ധന്‍ അലോക് ഭരദ്വാജ്, ദുരന്ത നിവാരണ വിദഗ്ധ പ്രിയങ്ക ദിസാനായകെ എന്നിവരടങ്ങിയ സംഘമാണ് നെല്ലിയാമ്പതി, നെന്മാറ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. പത്ത് പേരുടെ മരണത്തിനിടയാക്കിയ നെന്മാറ അലുവാശ്ശേരി ചേരുങ്കാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലം സംഘം സന്ദര്‍ശിച്ചു. പ്രധാനമായും മണ്ണ്, കൃഷി, ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍, മണ്ണിളകാനുള്ള കാരണങ്ങള്‍ എന്നിവയെല്ലാം വിശദമായി പ്രദേശവാസികളോടും ഉദ്യോഗസ്ഥരോടും ചോദിച്ചറിഞ്ഞു.
തുടര്‍ന്ന് പോത്തുണ്ടിയില്‍ നിന്നും നെല്ലിയാമ്പതിയിലേക്ക് പോവുന്ന വഴിയിലെ തകര്‍ന്ന റോഡുകള്‍ ഗതാഗത മേഖലാ വിദഗ്ധന്‍ അലോക് ഭരദ്വാജിന്റെ നേതൃത്വത്തില്‍ പരിശോധിച്ചു. കനത്ത മഴയോ ഉരുള്‍പൊട്ടലോ പോലുള്ള ദുരന്തങ്ങളെ അതിജീവിക്കുന്ന രീതിയിലുള്ള പുനര്‍നിര്‍മാണത്തിന്റെ സാധ്യതകള്‍, അതിനാവശ്യമായ സാങ്കേതിക വൈദഗ്ധ്യത്തിന്റെ ലഭ്യത തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച് പാലക്കാട് പി.ഡബ്ള്‍യു.ഡി എക്സി. എഞ്ചിനീയര്‍ പി. ശ്രീലേഖയുമായി ചര്‍ച്ച നടത്തി. പോത്തുണ്ടി ഡാമിലെ വെള്ളത്തിന്റെ ക്വാളിറ്റി, ഓഗസ്റ്റില്‍ ഡാമിന്റെ ഷട്ടര്‍ 60 സെന്റിമീറ്റര്‍ ഉയര്‍ത്തിയ സാഹചര്യവും ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. നെല്ലിയാമ്പതിയില്‍ തകര്‍ന്ന എട്ടു പ്രധാന പാതകളും വനം-വന്യജീവി മേഖലകളുമാണ് പ്രധാനമായും സന്ദര്‍ശിച്ചത്. ആദിവാസി ഊരുകളിലെ ഭക്ഷണവിതരണം, തേയില കര്‍ഷകരുടെ നഷ്ടം എന്നിവയും സംഘം വിലയിരുത്തി.
കെ.എസ്.ഇ.ബിക്ക് ഏറെ നാശനഷ്ടമുണ്ടാക്കിയ കിഴക്കഞ്ചേരി പഞ്ചായത്തിലെ ഓടന്‍തോടില്‍ ഉരുള്‍പോട്ടല്‍ ഉണ്ടായ സ്ഥലവും സംഘം വിലയിരുത്തി. പത്തിലേറെ വൈദ്യുതി പോസ്റ്റുകളും കിലോമീറ്ററുകളോളം വരുന്ന കേബിളുകളാണ് ഇവിടെ നശിച്ചത്. നെന്മാറ സി.ഐ ഉണ്ണികൃഷ്ണന്‍, എ.എസ്.ഐ എം.എസ്. രാജീവ്, ചിറ്റൂര്‍ തഹസില്‍ദാര്‍ വി.കെ രമ, സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ബേബി സീതാറാം, നെന്മാറ ഡി.എഫ്.ഒ ശശികുമാര്‍, പി.ഡബ്ള്‍യു.ഡി എക്സി. എഞ്ചിനീയര്‍ ശ്രീലേഖ, കെ.എസ്.ഇ.ബി അസി. എക്സി. എഞ്ചിനീയര്‍ സി.വി പ്രേംരാജ്, മറ്റു ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു.
കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നതിന് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം
ഗ്രാമവികസന വിദഗ്ധന്‍ വിനായക് ഗട്ടാട്ടെ, ക്ലൈമറ്റ് റിസ്‌ക്ക് മാനെജ്മെന്റ് കണ്‍സള്‍റ്റന്റ് യഷിക മാലിക്, നഗര മേഖലാ വിദഗ്ധന്‍ അശോക് ശ്രീവാസ്തവ എന്നിവരടങ്ങുന്ന സംഘമാണ് പാലക്കാട്, അട്ടപ്പള്ളം ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. കനത്ത മഴയില്‍ കനാല്‍ബണ്ടും റോഡും തകര്‍ന്ന് നൂറേക്കറിലേറെ കൃഷി നശിച്ച അട്ടപ്പള്ളത്തെ പാടശേഖരസമിതി, നെല്ലിശ്ശേരി പാടശേഖരസമിതി എന്നിവയുടെ പ്രതിനിധികളുമായും കര്‍ഷകരുമായും ചര്‍ച്ചചെയ്ത് കൃഷിനാശം വിലയിരുത്തി. തുടര്‍ന്ന് വിളകള്‍ക്ക് ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നതിന് കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ബാങ്ക് പ്രതിനിധികള്‍, പാടശേഖരസമിതി, ഇന്‍ഷുറന്‍സ് കമ്പനി അധികൃതര്‍ എന്നിവരുമായി ചര്‍ച്ച നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രതിനിധികള്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ വരള്‍ച്ചയും ഇപ്പോഴുണ്ടായ പ്രളയത്തിലും സംഭവിച്ച നഷ്ടവും ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കേണ്ടത്. അട്ടപ്പള്ളത്ത് തകര്‍ന്ന കനാല്‍ബണ്ട് നാലു മാസത്തിനകം നിര്‍മിക്കുമെന്ന് ജലസേചനവകുപ്പധികൃതര്‍ അറിയിച്ചു. പ്രദേശത്തെ കന്നുകാലി നാശത്തെക്കുറിച്ചും പ്രതിനിധികള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് ശക്തമായ ഒഴുക്കില്‍ തകര്‍ന്ന ചുള്ളിമട മൂന്ന്കണ്ണ് ഓവ് അണപ്പാടം സന്ദര്‍ശിച്ചു. വാളയാര്‍ ഡാമില്‍ നിന്നും വരുന്ന വെള്ളത്തെ പ്രാദേശികമായി അണകെട്ടി തടഞ്ഞ് കൃഷിക്കുപയോഗിക്കുന്ന സംവിധാനമാണിത്. ശക്തമായ ഒഴുക്കില്‍ കനാലിന്റെ ബണ്ടുകള്‍ തകര്‍ന്നതുമൂലം വെള്ളം ഗതി മാറി ഒഴുകിപ്പോവുകയും ഇതുമൂലം പ്രദേശത്തെ മുന്നൂറ് ഏക്കര്‍ കൃഷി നശിക്കുകയും ചെയ്തിരുന്നു. വെള്ളപ്പൊക്കത്തില്‍ നാശനഷ്ടമുണ്ടായ ശംഖുവാരത്തോട് സുന്ദരം കോളനിയും സംഘം സന്ദര്‍ശിച്ചു.
അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി.വിജയന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ടോമി ജോസഫ്, ഫോര്‍ട്ട് കൊച്ചി ആര്‍.ഡി.ഒ എസ്.ഷാജഹാന്‍, കൃഷി, ജലസേചന, മൃഗസംരക്ഷണ വകുപ്പധികൃതര്‍, റവന്യൂ അധികൃതര്‍ തുടങ്ങിയവര്‍ സംഘത്തോടൊപ്പം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
വെള്ളിയാങ്കല്ല് റെഗുലേറ്റര്‍ പരിശോധിച്ചു
ദുരന്ത നിവാരണ വിദഗ്ധന്‍ പീയുഷ് ഷെഖ്സാരിയ, കുടിവെള്ളം-പൊതുശുചിത്വ മേഖലാ വിദഗ്ധന്‍ പി. കെ കുര്യന്‍, കുടിവെള്ള വിഭാഗ വിദഗ്ധന്‍ ജയകുമാര്‍ എന്നിവരുടെ സംഘമാണ് മണ്ണാര്‍ക്കാട്, തൃത്താല ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. കൊട്ടോപാടം കരടിയോട് ഉരുള്‍പൊട്ടല്‍ സംഭവിച്ച സ്ഥലവും പ്രളയത്തില്‍ വെള്ളം കയറിയ കെ.എസ്.ഇ.ബി തൃത്താല സബ്ഡിവിഷനും സന്ദര്‍ശിച്ചു. കരിമ്പുഴ കുടിവെള്ള പൈപ്പ്ലൈന്‍ വഴി ശുദ്ധജലവിതരണം നടത്താന്‍ സ്ഥാപിച്ച പാലം പ്രഴയത്തില്‍ ഒലിച്ചുപോയിരുന്നു. ഇവിടെ 35 ലക്ഷം ചെലവിട്ട് പാലം നിര്‍മിക്കും.
കനത്ത മഴയില്‍ ഭിത്തിക്ക് കേടുപാടുകള്‍ സംഭവിച്ച തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ നിലവിലെ സ്ഥിതിയും സംഘം പരിശോധിച്ചു. ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജ്, വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ് എഞ്ചിനീയര്‍ വി.എന്‍ പ്രകാശ്, എക്സി.എഞ്ചിനീയര്‍മാരായ അബ്ദുള്‍ നാസര്‍, ആര്‍. ജയചന്ദ്രന്‍, ഷൊര്‍ണൂര്‍ ട്രാന്‍സ്മിഷന്‍ വിഭാഗം എക്സി. എന്‍ജി. മാര്‍ട്ടിന്‍, ഇറിഗേഷന്‍ വകുപ്പ് എക്സി.എന്‍ജി. ഇ.കെ. അബ്ദുള്ള, മണ്ണാര്‍ക്കാട്, പട്ടാമ്പി തഹസില്‍ദാര്‍മാര്‍, വകുപ്പധികൃതര്‍, റവന്യൂ അധികൃതര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.