മലഞ്ചുറ്റ് കോളനിയിലെ അംബേദ്കർ ഗ്രാമം പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം സി.കെ ഹരീന്ദ്രൻ എം എൽ എ നിർവഹിച്ചു. പട്ടികജാതി വിഭാഗങ്ങളുടെ പുരോഗതി ലക്ഷ്യമാക്കി പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന വികസന പദ്ധതിയാണ് അംബേദ്കർ ഗ്രാമം പദ്ധതി. പട്ടിക വിഭാഗക്കാർ തിങ്ങിപ്പാർക്കുന്ന സങ്കേതങ്ങളുടെ അടിസ്ഥാന സൗകര്യ വികസനമാണ് സർക്കാർ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഈ പദ്ധതിയുടെ ഭാഗമായി പാറശ്ശാല നിയോജക മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുത്ത പട്ടികജാതി സങ്കേതങ്ങളിലൊന്നാണ് മലഞ്ചുറ്റ് കോളനി. റോഡ് നവീകരണം, പൊതുകിണർ നവീകരണം, ഭവന പുനരുദ്ധാരണം, ഓട നിർമ്മാണം, കുടിവെള്ള പദ്ധതി, കമ്മ്യൂണിറ്റി ഹാൾ തുടങ്ങിയ പ്രവൃത്തികളാണ് മലഞ്ചുറ്റ് കോളനിയിൽ നടപ്പിലാക്കുന്നത്. ഒരു കോടി രൂപയാണ് പദ്ധതിയ്ക്കായി നീക്കി വച്ചിരിക്കുന്നത്. 36 കുടുംബങ്ങളാണ് ഇവിടെ ഉള്ളത്.
പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുസ്മിത അധ്യക്ഷത വഹിച്ച ചടങ്ങിൽ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ ബെൻ ഡാർവിൻ, പാറശാല ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസർ ബിജി ബി. എസ്, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.