നാട്ടുകാരുടെ കാട്ടാനപേടിയെ കാട്ടിലേക്കു കയറ്റിവിടാന്‍ അടവുകള്‍ പഠിച്ച് സൂര്യന് എത്തി. മുതുമലയില്‍ നിന്നും പരിശീലനം കഴിഞ്ഞ കുങ്കിയാന സൂര്യനെ വനംവകുപ്പും ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് ശര്‍ക്കര നല്‍കിയാണ് സ്വീകരിച്ചത്. ഒലവക്കോട് ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലുള്ള ധോണി സാറ്റലൈറ്റ് കേന്ദ്രത്തിലാണ് കുങ്കിയാനയെ സ്വീകരിച്ചത്. ഒലവക്കോട്, വാളയാര്‍ ഫോറസ്റ്റ് റെയ്ഞ്ചുകളുടെ പരിധിയില്‍ കാട്ടാനശല്യം രൂക്ഷമായതിനെ തുടര്‍ന്നാണ് കുങ്കിയാനകളെ കൊണ്ടുവരാന്‍ തീരുമാനിച്ചത്. മൃഗസംരക്ഷണവും പരിശീലനവും ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്ന മുതുമലയിലെ ആദിവാസി വിഭാഗങ്ങളില്‍ നിന്നും മൂന്നു മാസത്തെ പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കിയാണ് കുങ്കിയാന എത്തിയിരിക്കുന്നത്. രണ്ട് കുങ്കി ആനകളാണ് ജില്ലയില്‍ എത്തുന്നത്. ഇതില്‍ ഒരാനയേയാണ് നിലവില്‍ എത്തിച്ചിരിക്കുന്നത്. വയനാട്ടിലെ ബേസ് ക്യാമ്പില്‍ നിന്നും ഒരാഴ്ചയ്ക്കകം സുരേന്ദ്രനെന്ന കുങ്കി ആന കൂടി എത്തിച്ചേരും.
ധോണി മേഖലയില്‍ ഇന്ന് (സെപ്റ്റംബര്‍ 26) മുതല്‍ സൂര്യന് എന്ന കുങ്കിയാനയെ ഉപയോഗിച്ച് പട്രോളിങ് നടത്തും. സ്ഥിരമായി കാട്ടാനശല്യം അനുഭവപ്പെടുന്ന മേഖലയിലാണ് ഇവയുടെ സേവനം ഉപയോഗിക്കുക. അരിമണിക്കാട്, പന്നിമട, ആറങ്ങോട്ടുകുളമ്പ്, ഊരോലി, ധോണി, കോര്‍മ, ഞാറക്കോട്, പുളിയംപുള്ളി, പരുത്തി, തുടങ്ങി കാട്ടാനശല്യം രൂക്ഷമായ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും പട്രോളിങ്. കാടിറങ്ങി വരുന്ന ആനയെ തിരിച്ച് കാട്ടിലേക്ക് കയറ്റി വിടുക എന്നതാണ് കുങ്കിയാനയുടെ ജോലി. കാടു കയറാത്ത ആനയെ ബലം പ്രയോഗിച്ചും അടവുകള്‍ പയറ്റിയുമാണ് കാടു കയറ്റുക. കൂടാതെ കാട്ടാനകള്‍ സ്ഥിരമായി വരുന്ന പ്രദേശങ്ങളില്‍ കുങ്കികള്‍ തമ്പടിക്കും. അതിനാല്‍ കാട്ടാനകള്‍ ഇവിടേക്കുള്ള സഞ്ചാരം കുറയ്ക്കും. വയനാട്, കര്‍ണാടകം എന്നിവിടങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയില്‍ കുങ്കിയാനകളെ പരീക്ഷിക്കാന്‍ തീരുമാനിച്ചത്.

സ്ഥിരമായി കാട്ടാനശല്യം ഉള്ള പ്രദേശങ്ങളില്‍ അടിക്കാട് വെട്ടിയും സോളാര്‍ ഫെന്‍സിങ് സ്ഥാപിച്ചും മതില് കെട്ടിയും പ്രതിരോധം തീര്‍ക്കുന്നുണ്ട്. ഇതെല്ലാം മറികടന്ന് വരുന്ന കാട്ടാനകളെ നേരിടാനാണ് കുങ്കിയാനകളുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. ഇത്തരത്തില്‍ കാട്ടാനശല്യം കുറയ്ക്കാനായാല്‍ കുങ്കികളുടെ സേവനം കൂടുതലായി പ്രയോജനപ്പെടുത്തും. കാട്ടാനശല്യം മറികടക്കുന്നതിനായി നിരവധി മാര്‍ഗങ്ങള്‍ വനം വകുപ്പ് നടപ്പിലാക്കുന്നുണ്ട്. എന്നാല്‍ ഈ തടസങ്ങളെല്ലാം മറികടന്നാണ് ആനകള്‍ നാട്ടിലിറങ്ങുന്നത്. ഇതിന് ആധുനിക രീതിയില്‍ ജി.പി.എസ് സംവിധാനമുള്ള റേഡിയോ കോളര്‍ ഘടിപ്പിച്ച് നിരീക്ഷിക്കാനാണ് വനം വകുപ്പിന്റെ പദ്ധതി. ഇതിലൂടെ ആനകളുടെ നീക്കം കൃത്യമായി അറിയാനാവും. ഇതിനു പുറമെ കാടിനോട് ചേര്‍ന്ന് കിടക്കുന്ന 50 ഹെക്ടര്‍ കൃഷിസ്ഥലം ഏറ്റെടുത്ത് ആനകളെ നാട്ടിലിറങ്ങുന്നത് തടയാനും വനംവകുപ്പിന് പദ്ധതിയുണ്ട്.
ഈസ്റ്റേണ്‍ സര്‍ക്കിള്‍ ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ ഷെയ്ക്ക് ഹൈദര്‍ ഹുസൈന്, വൈല്‍ഡ് ലൈഫ് ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ ബി.എന്‍.അഞ്ജന്‍കുമാര്‍, പാലക്കാട് ഡി.എഫ്.ഒ നരേന്ദ്രനാഥ് വേലൂരി, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി.ബിന്ദു തുടങ്ങിയവര്‍ കുങ്കിയാനയെ സ്വീകരിക്കാന്‍ എത്തിച്ചേര്‍ന്നു. ഇതിനു പുറമെ കാട്ടാനശല്യം നേരിടുന്ന മലമ്പുഴ നിയോജകമണ്ഡലത്തിലെ മുണ്ടൂര്‍, മരുതറോഡ്, മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, മറ്റു ജനപ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവരും ആനയെ സ്വീകരിക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു.