ലോക ജനസംഖ്യാ ദിനം ജില്ലാതല ഉദ്ഘാടനം നടന്നു

ജനസംഖ്യാനിയന്ത്രണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന സന്ദേശം പകര്‍ന്ന് ലോക ജനസംഖ്യാ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. ജനസംഖ്യാ നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ ഇടപെടലുകള്‍ നടത്തിയ സംസ്ഥാനമാണ് കേരളമെന്ന് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി റജീന പറഞ്ഞു. ആധുനിക കാലത്ത് വിദ്യാസമ്പന്നരായിട്ടുപോലും പലരുടെ ഇടയിലും പ്രതിലോമകരമായ നിലപാടുകള്‍ കണ്ടുവരുന്നു. ഇതിനെതിരെ സജീവമായ ഇടപെടലുകള്‍ അനിവാര്യമാണെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി ബാലചന്ദ്രന്‍ അധ്യക്ഷനായി. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ആര്‍ ശെല്‍വരാജ് മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് നടന്ന സെമിനാറില്‍ ‘ജനസംഖ്യാനിയന്ത്രണം-കാലഘട്ടത്തിന്റെ അനിവാര്യത’ എന്ന വിഷയത്തെക്കുറിച്ച് പട്ടാമ്പി ശ്രീ നിലകണ്ഠ ഗവ. സംസ്‌കൃത കോളെജ്, അസിസ്റ്റന്റ് പ്രൊഫസര്‍ എ. ശിവകുമാറും കുടുംബക്ഷേമ മാര്‍ഗ്ഗങ്ങള്‍’ എന്ന വിഷയത്തില്‍ ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ എ.കെ അനിതയും ക്ലാസെടുത്തു.

തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ കുഞ്ഞുണ്ണി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. കൃഷ്ണകുമാര്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.വി പ്രിയ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം മാളിയേക്കല്‍ ബാവ, നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം സി. ഇന്ദിര, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയാ ഓഫീസര്‍ പി.എ സന്തോഷ് കുമാര്‍, ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. എന്‍.ആര്‍ സജി, ഡോ. എ.കെ അനിത, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.