കേരളാ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട് വയനാടിന്റെയും മാനന്തവാടി നഗരസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ ഖരമാലിന്യ പരിപാലന രൂപരേഖ തയ്യാറാക്കുന്നതിനായി സ്‌റ്റെയ്ക് ഹോള്‍ഡര്‍ കണ്‍സള്‍ട്ടേഷന്‍ മീറ്റിംഗ് നടത്തി. മാനന്തവാടി നഗരസഭയില്‍ അടുത്ത 5 വര്‍ഷത്തേക്ക് ഖരമാലിന്യ പരിപാലനത്തിന് ആവശ്യമായ സമഗ്രമായ രൂപരേഖ തയ്യാറാക്കുന്നതിന്റെ മുന്നോടിയായാണ് യോഗം ചേര്‍ന്നത്.
മാനന്തവാടി മില്‍ക്ക് സൊസൈറ്റി ഹാളില്‍ ചേര്‍ന്ന യോഗം നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷതവഹിച്ചു. നഗരസഭയുടെ സ്ഥലപരിമിതിമൂലം മാലിന്യ സംസ്‌കരണത്തില്‍ സംഭവിക്കുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്തു. മാലിന്യ സംസ്‌കരണ രൂപരേഖ തയ്യാറാക്കുന്നതില്‍ പൊതുജനാഭിപ്രായത്തിന്റെ സാധ്യതകളെക്കുറിച്ച് കെ.എസ്.ഡബ്ല്യു.എം.പി ജില്ലാ സോഷ്യല്‍ എക്‌സ്‌പെര്‍ട്ട് ഡോ. സൂരജ്, കെ.എസ്.ഡബ്ല്യു.എം.പി ജില്ലാ ഡെപ്യൂട്ടി കോര്‍ഡിനേറ്റര്‍ അസ്ഹര്‍ അസീസ് എന്നിവര്‍ സംസാരിച്ചു. ആളുകളെ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ച് മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെയും, അതിനുള്ള പ്രതിവിധികളും, മാനന്തവാടിയെ മാലിന്യമുക്തമാക്കാന്‍ ഏറ്റെടുത്ത് ചെയ്യേണ്ടതായ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് നഗരസഭയുടെ മാലിന്യപരിപാലനത്തിന് സമഗ്രമായ രൂപരേഖ തയ്യാറാക്കും.
ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷ പാത്തുമ്മ, നഗരസഭാ സെക്രട്ടറി മാമ്പള്ളി സന്തോഷ്‌കുമാര്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ജനപ്രതിനിധികള്‍, മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍, വിവിധ സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍, പൊതുജനങ്ങള്‍ കെ.എസ്.ഡബ്ല്യു.എം.പി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.