തിരുവാതിര ഞാറ്റുവേലയിൽ ഉത്പാദനോപാദികൾ കർഷകർക്ക് മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി. വള്ളിക്കുന്ന് അത്താണിക്കലിൽ ജൂലൈ 30 വരെയാണ് ഞാറ്റുവേല ചന്ത നടക്കുന്നത്. മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ സെറീന അസീബ് മേളയുടെ ഉദ്ഘാടനം നിർവഹിച്ചു.
ചന്തയിൽ കൃഷി വകുപ്പിന്റെ സ്റ്റാളുകൾ വിവിധ നഴ്‌സറികളുടെ സ്റ്റാളുകൾ, വിവിധ തരം വിത്തുകൾ, വളം, കാർഷിക ഉപകരണളുടെ സ്റ്റാളുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ എ.കെ രാധ സ്വാഗതം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കോട്ടാശ്ശേരി മനോജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പൊക്കടവത്ത് ബാബുരാജ്, പഞ്ചായത്ത് അംഗങ്ങളായ തങ്കപ്രഭ ടീച്ചർ, ആസിഫ് മഷ്ഹൂദ്, ടി.വി രാജൻ, സന്തോഷ് കുമാർ കണ്ണഞ്ചേരി, പാണ്ടി ഹസ്സൻ, സി.ഡി.എസ് ചെയർപേഴ്‌സൺ ബിന്ദു പുഴക്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വെറ്റിനറി സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ പൂക്കാട് പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.എം ശിശികുമാർ നന്ദിയും പറഞ്ഞു.