വിവാഹമോചനവുമായി ബന്ധപ്പെട്ട പരാതികൾ ജില്ലയിൽ കൂടുന്നുവന്ന് വനിത കമ്മീഷൻ അംഗം വി.ആർ. മഹിളാമണി. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. മെച്ചപ്പെട്ട കുടുംബാന്തരീക്ഷം സൃഷ്ടിക്കാൻ എല്ലാവരും ശ്രമിക്കണം. കുടുംബപരമായ നിസാര പ്രശ്‌നങ്ങൾ കാരണം വിവാഹമോചനത്തിനായി നിരവധിപേരാണ് കമ്മിഷനു മുന്നിൽ വരുന്നത്. ഇത് ഗൗരവമായി എടുത്ത് ജില്ലയിൽ വിവാഹ പൂർവ്വ കൺസിലിങ് കാര്യക്ഷമതയോടെ നടത്താനും വിവാഹം കഴിക്കാൻ പോകുന്നവർക്ക് മാത്രമല്ല അവരുടെ കുടുംബങ്ങൾക്കും കൗൺസിലിങ് നിർബന്ധമാക്കണമെന്നും കമ്മീഷൻ അംഗം പറഞ്ഞു.
കമ്മീഷൻ അംഗം വി.ആർ. മഹിളാമണിയുടെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ 51 പരാതികളാണ് പരിഗണനയിലുണ്ടായിരുന്നത്. ഇതിൽ 18 പരാതികൾ തീർപ്പാക്കി. പോലീസിന്റെ ഭാഗത്തുനിന്നുള്ള റിപ്പോർട്ടിനായി 10 പരാതികൾ കൈമാറി. ശേഷിക്കുന്ന 23 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കും.
ദമ്പതികൾ തമ്മിലുള്ള പ്രശ്‌നങ്ങൾ, കുടുംബാംഗങ്ങൾ തമ്മിലുള്ള സ്വത്ത് തർക്കങ്ങൾ തുടങ്ങിയ പ്രശ്‌നങ്ങളാണ് കൂടുതലായും അദാലത്തിൽ കമ്മീഷന് മുമ്പിലെത്തിയത്. ഇതിൽ കമ്മീഷന്റെ പരിഗണനയിൽ വരാത്തവയും ഉണ്ടായിരുന്നെങ്കിലും സാധ്യമായവയ്ക്ക് ആവശ്യമായ കൗൺസിലിങ്, നിയമോപദേശം എന്നിവ നൽകിയതായി കമ്മീഷൻ അംഗം അറിയിച്ചു. അദാലത്തിൽ അഭിഭാഷകരായ ബീന കരുവാത്ത്. സുകൃത കുമാരി, കൗൺസിലർ ശ്രുതി നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.