ജില്ലയിലെ എല്ലാ ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ് സെന്ററുകളും ഗുണനിലവാരം ഉറപ്പാക്കി എൻ എ ബി എച്ച് സർട്ടിഫിക്കേഷനുള്ള എൻട്രി ലെവൽ പരിശോധനങ്ങൾക്ക് സജ്ജമാക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ജില്ലാ പഞ്ചായത്ത് ഹാളിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനപ്രതിനിധികളുടെ അവലോകന യോഗം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾ വഴിയാണ് ആയുർവേദ ഹോമിയോ ഡിസ്പെൻസറികൾ മികവിന്റെ പാതയിലാക്കുന്നത്. ആദ്യപടിയായി ആറ് ഗവ. ആയുർവേദ ഡിസ്പെൻസറികളും നാല് ഗവ. ഹോമിയോ ഡിസ്പെൻസറികളും ഉൾപ്പടെ പത്ത് ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളാണ് എൻട്രി ലെവൽ പരിശോധനകൾക്കായി തയ്യാറായിരിക്കുന്നത്.

ആയുർവേദ ഡിസ്പെൻസറികളായ ചെങ്ങാലൂർ, ചൊവ്വന്നൂർ, അയ്യന്തോൾ, മുണ്ടത്തിക്കോട്, കോടന്നൂർ, അവിട്ടത്തൂർ എന്നിവയും ഹോമിയോ ഡിസ്പെൻസറികളായ കൊണ്ടാഴി, കൈപറമ്പ്, പഴയന്നൂർ, അയ്യന്തോൾ എന്നിവയുമാണ് സജ്ജമായത്. ഈ ഡിസ്പെൻസറികളുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി നാഷണൽ ആയുഷ് മിഷൻ വഴി ഓരോ സ്ഥാപനത്തിനും അഞ്ച് ലക്ഷം രൂപാ വീതം വിനിയോഗിച്ച് നടത്തുന്ന പ്രവർത്തനങ്ങൾ പൂർത്തിയായി വരികയാണ്. എല്ലായിടത്തും യോഗാ പരിശീലകരുടെ സേവനവും നാഷണൽ ആയുഷ് മിഷൻ ഉറപ്പാക്കിയിട്ടുണ്ട്.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ അധ്യക്ഷമായി. ഭാരതീയ ചികിത്സാ വകുപ്പ് ഡി എം ഒ ഡോ. പി ആർ സലജകുമാരി, ഹോമിയോപ്പതി വകുപ്പ് ഡി എം ഒ ഡോ: ലീനാറാണി, നാഷണൽ ആയുഷ് മിഷൻ ഡി.പി.എം ഡോ: എം. എസ്. നൗഷാദ്, ജില്ലാ ക്വാളിറ്റി നോഡൽ ഓഫീസർ ഡോ: ആഗ്നസ് ക്ലീറ്റസ് എന്നിവർ സംസാരിച്ചു.