നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ‘നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ’ എന്ന വിഷയത്തിൽ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയും വെട്ടം ഗ്രാമപഞ്ചായത്തും ഹരിത കേരള മിഷനും സംയുക്തമായി ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ നടന്ന ശിൽപ്പശാല നവകേരളം കർമ്മ പദ്ധതി കോർഡിനേറ്റർ ഡോ. ടി.എൻ. സീമ ഉദ്ഘാടനം ചെയ്തു. വെട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി മുല്ലയിൽ അധ്യക്ഷത വഹിച്ചു. മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. എൽ. സുഷമ മുഖ്യപ്രഭാഷണം നടത്തി.
നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ എന്ന പേരിൽ വിഭാവനം ചെയ്ത പദ്ധതി ആദ്യ ഘട്ടത്തിൽ നടപ്പാക്കുന്നതിനായി തിരഞ്ഞെടുത്തിട്ടുള്ള പഞ്ചായത്തുകളിൽ ഒന്നാണ് തിരൂർ ബ്ലോക്കിന് കീഴിലെ വെട്ടം. നെറ്റ് സീറോ കാർബൺ എന്ത്, എങ്ങനെ, ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക്, വെട്ടം ഗ്രാമപഞ്ചായത്തിലെ സാഹചര്യ വിശകലനവും സമീപനവും, ജൈവ വൈവിധ്യം-മാലിന്യ സംസ്‌കരണം-ജല സംരക്ഷണം-ജൈവ കൃഷി-ഊർജ്ജ സംരക്ഷണം എന്നിവയും നെറ്റ് സീറോ കാർബൺ കേരളവും തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസെടുത്തു.
കണ്ണൂർ ഗവ. കോളേജ് ഓഫ് എൻജിനിയറിങ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. എ. സുകേഷ്, നവകേരളം കർമ്മ പദ്ധതി ജില്ലാ കോർഡിനേറ്റർ ടി.വി.എസ് ജിതിൻ, മലയാളം സർവ്വകലാശാല അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. വി. അരുൺ ബാബു, ഡോ. ജയ്‌നി വർഗീസ്, മലയാളം സർവ്വകലാശാല പരിസ്ഥിതി പഠന സ്‌കൂൾ ഡയറക്ടർ ഡോ. ആർ ധന്യ, നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ പദ്ധതി ജില്ലാ കോർ ഗ്രൂപ്പ് അംഗം കെ.കെ. ജനാർദ്ദനൻ, ദേശീയ അഗ്രി വനിത സംരംഭക അവാർഡ് ജേതാവ് പി.ടി സുഷമ, തിരൂർ എസ്.എസ്.എം പോളിടെക്‌നിക് എനർജി മാനേജ്‌മെൻറ് സെൽ കോർഡിനേറ്റർ അൻവർ സുലൈമാൻ എന്നിവർ ക്ലാസുകളെടുത്തു. ജൈവ വൈവിധ്യബോർഡ് മുൻ ജില്ലാ കോർഡിനേറ്റർ ഹൈദ്രോസ് കുട്ടി മോഡറേറ്ററായിരുന്നു. വെട്ടം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഉസ്മാൻ തൈവളപ്പിൽ സ്വാഗതവും സെക്രട്ടറി സലീം നന്ദിയും പറഞ്ഞു.