വികസന പദ്ധതികളുടെ പ്രൊപ്പോസലിന്റെ എസ്റ്റിമേറ്റും അനുബന്ധ രേഖകളും ഉദ്യോഗസ്ഥർ യഥാസമയം ലഭ്യമാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം. എംഎൽഎയുടെ ആസ്തിവികസന പദ്ധതിയിൽനിന്നും പ്രത്യേക വികസന നിധിയിൽനിന്നും തുക അനുവദിക്കുന്ന പ്രവൃത്തികളുടെ എസ്റ്റിമേറ്റ് സമർപ്പിക്കുന്നതിന് കാലതാമസം വരുന്നതായി കെ പി മോഹനൻ എംഎൽഎ ചൂണ്ടിക്കാട്ടിയിരുന്നു. എംഎൽഎ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികളുടെ പ്രൊപ്പോസലിന്റെ എസ്റ്റിമേറ്റും രേഖകളും യഥാസമയം ലഭ്യമായാൽ മാത്രമേ അസറ്റ് ഡവലപ്മെൻറ് സ്കീം (എഡിഎസ്) പോർട്ടലിൽ അപ്ലോഡ് ചെയ്ത് ഭരണാനുമതി നൽകാൻ സാധിക്കുകയുള്ളൂവെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ അറിയിച്ചു. ഏതെങ്കിലും ഒരു രേഖ എസ്റ്റിമേറ്റിന്റെ കൂടെ ഇല്ലാത്ത പക്ഷം ഭരണാനുമതി നൽകാൻ കാത്തിരിക്കേണ്ടി വരുന്നു.
പാപ്പിനിശ്ശേരി-താഴെ ചൊവ്വ ദേശീയപാത ഓവർലേ ചെയ്യുന്നത്, പുതിയ ദേശീയപാത പൂർത്തിയായി പഴയ റോഡ് കൈമാറുന്നതിന് മുമ്പായി ചെയ്യാൻ കലക്ടർ നിർദേശിച്ചു. അതുവരെ റോഡിലെ അറ്റകുറ്റപണികൾ ചെയ്യുമെന്ന് കരാറുകാരായ വിശ്വസമുദ്ര അറിയിച്ചു. കരാർ പ്രകാരം പഴയ പാതയിൽ ഒരു ഓവർലേ ആണ് ചെയ്യാനുള്ളത്.
കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ ആഗസ്റ്റ് രണ്ടിന് ആരംഭിക്കും. ട്രോമാ കെയറിനാണ് നടത്തിപ്പ് ചുമതല. നിർമ്മാണ പ്രവൃത്തി പൂർത്തിയായി. എടക്കാട് പിഎച്ച്സി ഡയാലിസിസ് യൂനിറ്റ് ഉദ്ഘാടനം ചെയ്തു. ഡോക്ടർമാരെയും ജീവനക്കാരെയും കോർപറേഷൻ നിയമിച്ചു. ഡയാലിസിസ് ഉടൻ ആരംഭിക്കും.
കൂത്തുപറമ്പ് നഗരസഭ സ്റ്റേഡിയത്തിന്റെ നിയന്ത്രണവും നടത്തിപ്പും മേൽനോട്ടവും പൂർണമായും നഗരസഭയ്ക്ക് കൈമാറണമെന്ന് കെ പി മോഹനൻ എംഎൽഎ ആവശ്യപ്പെട്ടു. സ്റ്റേഡിയം നഗരസഭയ്ക്ക് 100 വർഷത്തേക്ക് പാട്ടത്തിന് ലഭിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർക്ക് അപേക്ഷ നൽകി.
യോഗത്തിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷനായി. എംഎൽഎമാരായ കെ പി മോഹനൻ, രാമചന്ദ്രൻ കടന്നപ്പള്ളി, സബ് കലക്ടർ സന്ദീപ് കുമാർ, പ്ലാനിംഗ് ഓഫീസർ ഇൻ ചാർജ് ടി രാജേഷ്, എംപിമാരുടെയും എംഎൽമാരുടെയും പ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.