മലബാറിന്റെ ജലോത്സവമായ ബിയ്യം കായല്‍ വള്ളംകളി മത്സരത്തിന്റെ വിപുലമായ നടത്തിപ്പിനായി പി.നന്ദകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനാവശ്യമായ തീരുമാനങ്ങൾ കൈക്കൊളുന്നതിനും വിവിധ കമ്മറ്റികളുടെ രൂപീകരണത്തിനുമായാണ് എം.എൽ.എയുടെ അധ്യക്ഷതയിൽ താലൂക്ക് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നത്.
ആഗസ്റ്റ് 30ന് ബിയ്യം കായലിലാണ് വള്ളംകളി മത്സരം നടക്കുക. പ്രദേശത്ത് വിപുലമായ പാർക്കിംഗ് സൗകര്യം ഒരുക്കുന്നതിനും, അപകടങ്ങൾ ഒഴിവാക്കി ചിട്ടയായി മത്സരം നടത്തുന്നതിനും യോഗത്തിൽ തീരുമാനമായി. വള്ളംകളി മത്സരത്തിനായുള്ള പരിശീലനം നേരത്തെ തന്നെ ടീമുകൾ ആരംഭിച്ചിട്ടുണ്ട്. ഓണം ടൂറിസം വാരാഘോഷ പരിപാടികളും വിപുലമായി നടത്തും.
യോഗത്തിൽ പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, പഞ്ചായത്ത് പ്രസിഡന്റുമാരായ കല്ലാട്ടേൽ ഷംസു, അസ്ലം തിരുത്തി, സി.വി. സുബൈദ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആരിഫാ നാസർ, എ.കെ സുബൈർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ വിവിധ ക്ലബ്ബുകളുടെ പ്രതിനിധികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.