കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ കമ്പിളികണ്ടം- കുരുശുകുത്തി- ഇഞ്ചത്തൊട്ടി ഗ്രാമീണ റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. പ്രദേശവാസികളുടെ യാത്രാ ക്ലേശം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോൺക്രീറ്റ് റോഡ് നിർമ്മിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
റോഡിന്റെ ആദ്യഘട്ട നിർമ്മാണം പൂർത്തിയാകുന്നതോടെ ദുർഘട മേഖലയിൽ കൂടിയുള്ള റോഡിന്റെ രണ്ടാം ഘട്ട നിർമ്മാണത്തിന് 50 ലക്ഷം രൂപ കൂടി അനുവദിക്കും. എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളവും എത്തിക്കും. അതിനായി കൊന്നത്തടി ഗ്രാമപഞ്ചായത്തിൽ 79 കോടി രൂപയുടെ പദ്ധതി അനുവദിച്ചതായും മന്ത്രി പറഞ്ഞു. ജില്ലയിലെ പട്ടയ – ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി സാങ്കേതിക തടസങ്ങൾ മറികടന്ന് ജനപ്രതിനിധികളുടെ നിരന്തര ഇടപെടലുകളെ തുടർന്നാണ് റോഡിന്റെ നിർമ്മാണത്തിന് അനുമതി ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.
ഒറേക്കോട്ട കവലയില്‍ നടന്ന യോഗത്തില്‍ കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ്യ റനീഷ് അധ്യക്ഷത വഹിച്ചു.
എം എൽ എ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചിലവിട്ടാണ് റോഡിന്റെ നിര്‍മ്മാണം. കുത്തനെയുള്ള കയറ്റവും ഇറക്കവുമുള്ള ദുർഘട പാതയിൽ സംരക്ഷണ ഭിത്തി ഉൾപ്പെടെയാണ് നിർമിക്കുന്നത്.
വൈസ് പ്രസിഡന്റ് ടി.പി മല്‍ക്ക, ത്രിതല പഞ്ചായത്തംഗങ്ങളായ മേരി ജോര്‍ജ്, ജോബി അഗസ്റ്റിന്‍, ടി.കെ കൃഷ്ണന്‍കുട്ടി, റാണി പോൾസൺ, സാലി കുര്യച്ചൻ, കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.വി ബേബി, പാറത്തോട് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എന്‍ വിജയന്‍, കാര്‍ഷിക ഗ്രാമവികസന ബാങ്ക് അംഗം ജെയിംസ് മ്ലാക്കുഴി എന്നിവർ സന്നിഹിതരായിരുന്നു.