വായ്പകൾ പ്രയോജനപ്പെടുത്തി നൂതന സംരംഭങ്ങൾ ആരംഭിക്കണം: മന്ത്രി പി. രാജീവ്

വായ്പാ തുക വിനിയോഗിച്ച് നൂതന സംരംഭങ്ങൾ ആരംഭിക്കുകയും നാട്ടിലെ തൊഴിലവസരങ്ങൾ വർധിപ്പിക്കുകയും ചെയ്യണമെന്ന് മന്ത്രി പി. രാജീവ്. കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കളമശേരി നഗരസഭ വെസ്റ്റ് സി.ഡി.എസിലെ ( കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി) കുടുംബശ്രീ സംഘങ്ങള്‍ക്കുള്ള മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണത്തിന്റെ ഉദ്ഘാടനം  കളമശേരി മുനിസിപ്പൽ ടൗൺഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വായ്പയായി ലഭിക്കുന്ന ഏതെങ്കിലും രീതിയിൽ ചെലവഴിക്കാതെ സംരംഭങ്ങളാക്കി മാറ്റണം. നിരവധി
സ്ത്രീ സംരംഭകർ മുന്നോട്ടു വരുന്നുണ്ട്. സംരംഭക വർഷത്തിന്റെ ഭാഗമായി 1,39000 സംരംഭങ്ങൾ ആരംഭിച്ചതിൽ 45,000 സ്ത്രീ സംരംഭകരാണ്. 1260 വെളിച്ചെണ്ണ മില്ലുകൾ തുടങ്ങി. 600 ലധികം കറിപ്പൊടി നിർമ്മാണ യൂണിറ്റുകൾ സ്ത്രീകളുടെ നേതൃത്വത്തിൽ തുടങ്ങി. മായമില്ലാത്ത ശുദ്ധമായ ഉത്പന്നങ്ങൾ ഇതുവഴി ലഭ്യമാകുന്നു. ഇലക് ട്രോണിക്സ് യൂണിറ്റുകൾ മുതൽ വെളുത്തുള്ളി പേസ്റ്റ് തയാറാക്കി വിൽക്കുന്ന യൂണിറ്റുകൾ വരെ സ്ത്രീകളുടെ നേതൃത്വത്തിൽ നടത്തുന്നു. നിരവധി പേർക്ക് തൊഴിലും ഇതു വഴി ലഭ്യമാകുന്നു. സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള എല്ലാ സാഹചര്യങ്ങളുമൊരുക്കുകയാണ് ലക്ഷ്യം.

പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ സർക്കാർ ജാമ്യത്തിൽ വായ്പയെടുത്താണ് തുക അനുവദിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ജാമ്യത്തിലാണ് ഈ തുക കേന്ദ്ര സർക്കാർ അനുവദിക്കുന്നത്. കോർപ്പറേഷൻ തിരിച്ചടച്ചില്ലെങ്കിൽ സർക്കാരിനായിരിക്കും ഉത്തരവാദിത്തം. എന്നാൽ ഈ നിബന്ധനയിൽ കേന്ദ്ര സർക്കാർ ഇപ്പോൾ മാറ്റം വരുത്തിയിരിക്കുകയാണ്. ഇങ്ങനെ കൊടുക്കുന്ന ഗ്യാരന്റിയെല്ലാം സംസ്ഥാന സർക്കാർ എടുക്കുന്ന കേന്ദ്ര വായ്പയിൽ നിന്ന് തട്ടിക്കുറയ്ക്കും. കേന്ദ്രത്തിൽ നിന്ന് വായ്പയെടുക്കാൻ സമീപിക്കുമ്പോൾ ഗ്യാരന്റികളെല്ലാം കടത്തിൽ ഉൾപ്പെടുത്തുന്ന സമീപനമാണ് സ്വീകരിക്കുന്നത്. സംസ്ഥാനത്തിന് നൽകേണ്ട നികുതി വിഹിതവും വെട്ടിക്കുറച്ചിരിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ കേരളം മുന്നിൽ നിൽക്കുന്നതിനാൽ ഈ മേഖലകളിലേക്കുള്ള വിഹിതം കുറച്ചതായി മന്ത്രി പറഞ്ഞു.