മണ്ണാര്‍ക്കാട് നഗരസഭാ എം.സി.എഫില്‍ സ്ഥാപിച്ച പ്ലാസ്റ്റിക് ബെയിലിങ് മെഷീനിന്റെ പ്രവര്‍ത്തനോദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. നഗരസഭയുടെ 2022-23 സാമ്പത്തിക വര്‍ഷ പദ്ധതിയിലുള്‍പ്പെടുത്തി ആറ് ലക്ഷം രൂപ മുടക്കിയാണ് പ്ലാസ്റ്റിക് ബെയ്ലിങ് മെഷീന്‍ സ്ഥാപിച്ചിരിക്കുന്നത്. ഹരിതകര്‍മ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കല്ല്, ഇരുമ്പ് എന്നിവയില്ലാതെ കൃത്യമായി വേര്‍തിരിച്ച് ബെയ്ലിങ് മെഷീനില്‍ നിക്ഷേപിച്ച ശേഷം മെഷീന്റെ സഹായത്തോടെ തന്നെ അമര്‍ത്തുന്നതോടെ ഇവ 50 കിലോഗ്രാമുള്ള അടുക്കുകളായി മാറും. ഇതോടെ ഹരിതകര്‍മ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് കൂമ്പാരം കുറയുകയും എം.സി.എഫുകളില്‍ മാലിന്യം ശേഖരിക്കുന്നതിനായി കൂടുതല്‍ സ്ഥലം ലഭിക്കുകയും ചെയ്യും. 7.5 എച്ച്.ബി മോട്ടോര്‍ ഉപയോഗിച്ചാണ് ഈ ബെയ്ലിങ് മെഷീന്‍ പ്രവര്‍ത്തിക്കുന്നത്. ഉദ്ഘാടന പരിപാടിയില്‍ സ്ഥിരം സമിതി അധ്യക്ഷര്‍, കൗണ്‍സിലര്‍മാര്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.