പുത്തൂര്‍ റോഡ് വികസനത്തിന് കിഫ്ബിയില്‍ നിന്ന് 40 കോടി രൂപ കൂടി സര്‍ക്കാര്‍ അനുവദിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ പയ്യപ്പിള്ളി മൂല മുതല്‍ നാഷണല്‍ ഹൈവെയിലെ കുട്ടനെല്ലൂര്‍ അണ്ടര്‍ പാസ് വരെയുള്ള റോഡ് വീതി കൂട്ടുന്നതിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് 47 കോടി 30 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് 47.3 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
ഇതിനു പുറമെയാണ് ആധുനിക രീതിയില്‍ റോഡ് വികസിപ്പിക്കുന്നതിന് 40 കോടി കൂടി അനുവദിക്കുക. നിലവില്‍ ഏഴു മാറ്റര്‍ മാത്രം വീതിയുള്ള ഈ റോഡ് 15 മീറ്റര്‍ വീതിയിലാണ് വികസിപ്പിക്കുന്നത്. ഏതാണ്ട് 30 ലക്ഷത്തോളം പേര് പ്രതിവര്‍ഷം സന്ദര്‍ശിക്കുമെന്ന് കരുതുന്ന പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്കുള്ള സഞ്ചാരം സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്.
പുത്തൂര്‍, കൈനൂര്‍, മരത്താക്കര, നടത്തറ, ഒല്ലൂര്‍ വില്ലേജുകളിലായി 3 ഏക്കര്‍ 98 സെന്റ് സ്ഥലമാണ് റോഡ് വികസനത്തിനായി ഏറ്റെടുക്കുന്നത്. സര്‍ക്കാര്‍ അനുവദിച്ച 47.3 കോടി രൂപയില്‍ നിന്ന് 580 കൈവശക്കാര്‍ക്ക് നഷ്ടപരിഹാരം ലഭിക്കും. ഏറ്റെടുക്കുന്ന ഭൂമിക്കു പുറമെ, വിളകള്‍, മരങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ നഷ്ട പരിഹാരം, തൊഴില്‍ നഷ്ടം, പുനരധിവാസം എന്നിവ കണക്കാക്കിയാണ് നഷ്ടപരിഹാരത്തുക നിശ്ചയിക്കുക. പൊതുമരാമത്ത് വകുപ്പില്‍ നിന്നും ലാന്‍ഡ് അക്വിസിഷന്‍ ഓഫീസറുടെ അക്കൗണ്ടില്‍ പണം ലഭിച്ചാല്‍ ഉടന്‍ റവന്യൂ വകുപ്പ് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറത്തിറക്കുകയും അവാര്‍ഡ് എന്‍ക്വയറി നടത്തി ഭൂവുടമകള്‍ക്ക് നഷ്ട പരിഹാര തുക കൈമാറുകയും ചെയ്യും.
പുതുതായി നിര്‍മ്മിക്കുന്ന റോഡിന്റെ ഡിസൈന്‍ തയ്യാറാക്കുന്ന പ്രവൃത്തി അവസാന ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. ഇലക്ട്രിക് പോസ്റ്റുകള്‍, കുടിവെള്ള പൈപ്പുകള്‍, ബിഎസ്എന്‍എല്‍ കേബിളുകള്‍ എന്നിവ മാറ്റി സ്ഥാപിക്കുന്നതിനുള്ള സംയുക്ത പരിശോധന ഇതിനകം പൂര്‍ത്തിയാക്കി. എസ്റ്റിമേറ്റ് വൈകാതെ കിഫ്ബിക്കു സമര്‍പ്പിക്കും. പുത്തൂരില്‍ നിലവിലുള്ള പാലത്തിനു സാമാന്തരമായി പുതിയ പാലത്തിനു കൂടി തുക അനുവദിച്ചിട്ടുണ്ട്. പാലം നിര്‍മ്മിക്കുന്നതിനും ഭൂമി ഏറ്റെടുക്കുന്നതിനുമായി 10 കോടി രൂപ ആണ് അനുവദിച്ചിട്ടുള്ളത്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാര തുക സര്‍ക്കാര്‍ അനുവദിച്ചു ഉത്തരവായതോടെ പുത്തൂര്‍ സെന്റര്‍ വികസനം എന്ന പതിറ്റാണ്ടുകളയുള്ള നാടിന്റെ സ്വപ്നം സാക്ഷാത്കരിക്കപെടുകയാണ് എന്ന് റവന്യൂ മന്ത്രി പറഞ്ഞു.