റവന്യൂ ഇ-സാക്ഷരതക്ക് നവംബറിൽ തുടക്കമാകും: മന്ത്രി കെ രാജന്
സര്‍ക്കാർ സേവനങ്ങള്‍ ഡിജിറ്റലാകുന്ന കാലത്ത് സാധാരണ ജനങ്ങള്‍ക്കും അവ പ്രാപ്യമാക്കാൻ റവന്യൂ ഇ-സാക്ഷരതക്ക് നവംബറിൽ തുടക്കം കുറിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന് പറഞ്ഞു. വെള്ളർവള്ളി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സേവനങ്ങള്‍ ജനങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാനുള്ള നയത്തിന്റെ ഭാഗമായാണ് സമഗ്രമായ ഡിജിറ്റൈസേഷന് നടപടികളുമായി മുന്നോട്ട് പോകുന്നത്. വകുപ്പിന്റെ പല സേവനങ്ങളും ഇന്ന് ഓണ്‍ലൈനായി ലഭ്യമാണ്. എന്നാല്‍ ഇവ പൊതുജനങ്ങള്‍ക്ക് പരസഹായമില്ലാതെ ഉപയോഗിക്കാനാകുന്നില്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞാണ് ഈ നടപടിയിലേക്ക് കടന്നത്.
കേരളത്തിലെ 84 ലക്ഷം കുടുംബങ്ങളിലെ ഓരോ അംഗത്തിന് വീതമെങ്കിലും ഓൺലൈൻ സേവനം നേടാൻ പഠിപ്പിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ ഇടനിലക്കാരുടെ ചൂഷണം ഇല്ലാതാകുമെന്നും മന്ത്രി പറഞ്ഞു.
വെള്ളർവള്ളി വില്ലേജ് ഓഫീസിന്റെ പഴയ കെട്ടിടം പൊളിച്ച് മാറ്റി 44 ലക്ഷം രൂപ ചെലവിലാണ് പുതിയത് നിർമ്മിച്ചത്. 1229 സ്ക്വയർ ഫീറ്റ് കെട്ടിടത്തിൽ റാമ്പോട് കൂടിയ വരാന്ത, സന്ദർശകർക്ക് കാത്തിരിക്കാനുള്ള സ്ഥലം, വില്ലേജ് ഓഫീസറുടെ മുറി, ഓഫീസ് ഹാൾ, റെക്കോർഡ് മുറി, ഡൈനിങ് ഹാൾ, ശുചിമുറി എന്നിവയാണുള്ളത്. മുൻവശത്ത് പുൽത്തകിടിയും ഒരുക്കിയിട്ടുണ്ട്. നിർമ്മിതി കേന്ദ്രത്തിനായിരുന്നു പ്രവൃത്തിയുടെ ചുമതല.

ചടങ്ങിൽ അഡ്വ. സണ്ണി ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു. കെ പ്രദോഷ്- സുനിത ദമ്പതികൾക്കുള്ള പട്ടയ വിതരണവും മന്ത്രി നിർവ്വഹിച്ചു. കെട്ടിട നിർമ്മാണത്തിന് സൗജന്യമായി സ്ഥലം വിട്ടു നൽകിയ ചിറപ്രത്ത് ഇല്ലത്ത് ചെറിയ ദാമോദരൻ നമ്പൂതിരിയെ ചടങ്ങിൽ അനുമോദിച്ചു. നിർമ്മിതി കേന്ദ്രം പ്രൊജക്ട് മാനേജർ കെ സജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ, പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാൽ, ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ, വാർഡ് അംഗം നിഷ പ്രദീപൻ, എ ഡി എം കെ കെ ദിവാകരൻ, തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുത്തു.