ശബരിമല: പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ അടിയന്തരഘട്ട പ്രതികരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും സംസ്ഥാന ദുരന്തനിവാരണ പരിശീലന കേന്ദ്രവും സംയുക്തമായി ആണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ശബരിമല മഹോത്സവവുമായി ബന്ധപ്പെട്ട ഏതെങ്കിലും അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ എല്ലാ വകുപ്പുകളെയും കോര്‍ത്തിണക്കിക്കൊണ്ട് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുക എന്നതാണ് അടിയന്തരഘട്ട പ്രതികരണ കേന്ദ്രത്തിന്റെ ഉദ്ദേശ്യലക്ഷ്യം. ബന്ധപ്പെട്ട പതിനെട്ട് നോഡല്‍ വകുപ്പുകളുടെ അവലോകന യോഗം ജില്ലാ കളക്ടര്‍ ഗിരിജ െഎ എ എസിന്റെ അധ്യക്ഷതയില്‍ പമ്പയില്‍ ചേര്‍ന്നു.
പോലീസ് ഫയര്‍ &റെസ്‌ക്യു, മോട്ടോര്‍ വെഹിക്കള്‍, ഇറിഗേഷന്‍, ഇലക്ട്രിസിറ്റി, ബോര്‍ഡ് ,അയ്യപ്പസേവാസംഘം,ദേവസ്വം ബോര്‍ഡ് വനം വകുപ്പ്, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് എന്നിങ്ങനെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ജില്ലാ കലക്ടര്‍ ചെയര്‍മാനായ ജില്ലാ ദുരന്ത നിവാരണ അഥോറിട്ടി ആണ് പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നു വരെ അയ്യപ്പന്മാര്‍ വരുന്നതിനാല്‍ മറ്റു രാജ്യങ്ങളുടെ എംബസികളെ ബന്ധപ്പെടുന്നതിനുള്ള സജ്ജീകരണങ്ങള്‍ വരെ ഒരുക്കിയിട്ടുണ്ട് ഈ കേന്ദ്രത്തില്‍. വിവിധ വകുപ്പുകളുടെ റിസോഴ്സുകള്‍ സംബന്ധിച്ച വിവരങ്ങളും അടിയന്തരഘട്ടങ്ങളില്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഹോട്ട് ലൈനുകള്‍ വയര്‍ലെസ് മുതലായവയും കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്.
നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ അയ്യപ്പന്മാര്‍ ശബരിമലയില്‍ എത്തിച്ചേരുന്ന ഘട്ടങ്ങളിലും മഴ മുതലായ സാഹചര്യങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടാകുമ്പോഴും തിക്കും തിരക്ക് മൂലം ഉള്ള അപകടങ്ങള്‍ക്ക് സാധ്യത ഉണ്ടാകുമ്പോഴും അടിയന്തരഘട്ട പ്രതികരണ കേന്ദ്രം പ്രവര്‍ത്തനസജ്ജമാകും എന്ന ജില്ലാകളക്ടര്‍ അറിയിച്ചു.