നിപയുമായി ബന്ധപ്പെട്ട് ജില്ലയിൽ നിലവിലെ സമ്പർക്കപട്ടികയിൽ ഉള്ളത് 950 പേർ. അതില്‍ 213 പേരാണ് ഹൈ റിസ്‌സ്‌ക് പട്ടികയിലുള്ളത്. 287 ആരോഗ്യ പ്രവര്‍ത്തകര്‍ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. സ്വകാര്യ ആശുപത്രികളിലുള്ള നാല് പേരാണ് ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയിലുള്ളത്. 17 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും നിരീക്ഷണത്തിലുണ്ട്. ഇന്ന് 15 സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്.

കോൾ സെന്ററിൽ ഇന്ന് 177 ഫോൺകോളുകളാണ് വന്നത്. ഇതുവരെ 503 പേർ കോൾ സെന്ററിൽ ബന്ധപ്പെട്ടു. 153 പേർക്കാണ് മാനസിക പിന്തുണ നൽകിയത്. ഇന്ന് അഞ്ച് പേരെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

രോഗബാധിതരെ നിരീക്ഷിക്കുന്നതിനായി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ 75 റൂമുകളും, ആറ് ഐ സി യുകളും, നാല് വെന്റിലേറ്ററുകളും 14 ഐ സി യു കിടക്കകളും മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ 10 റൂമുകളും അഞ്ച് ഐ സി യുകളും, രണ്ട് വെന്റിലേറ്ററുകളും 10 ഐ സി യു കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്. വടകര ജില്ലാ ആശുപത്രിയിൽ എട്ടും നാദാപുരം താലൂക്ക് ആശുപത്രിയിൽ ഏഴും റൂമുകൾ വീതം സജ്ജമാക്കിയിട്ടുണ്ട്.

സ്വകാര്യ ആശുപത്രിയിൽ 10 മുറികളും എട്ട് ഐ സിയുകളും അഞ്ചു വെന്റിലേറ്ററുകളും10 ഐസിയു കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്.

കണ്ടെയിൻമെന്റ് സോണുകൾ ആയി പ്രഖ്യാപിച്ച പഞ്ചായത്തുകളിലെ 5,161 വീടുകളിൽ ഇന്ന് സന്ദർശനം നടത്തി. 5,662 വീടുകളിലാണ് ഇതുവരെ സന്ദർശനം നടത്തിയത്.