വള്ളംകളി റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു
ഓളംതല്ലും കായൽ ജലമാമാങ്കത്തിൽ ജലരാജാവായി പള്ളാത്തിരുത്തി ബോട്ട് ക്ലബിന്റെ വിയ്യാപുരം ചുണ്ടൻ. കൊടുങ്ങല്ലൂർ കോട്ടപ്പുറം കായലിൽ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന മൂന്നാമത് ചാമ്പ്യൻസ് ബോട്ട് ലീഗ് 2023 വള്ളംകളിയിലാണ് വിയ്യാപുരം ചുണ്ടൻ ആഞ്ഞു തുഴയെറിഞ്ഞ് ഒന്നാം സ്ഥാനം നേടിയത്.
യഥാക്രമം രണ്ടും മൂന്നും സ്ഥാനം യൂനെറ്റഡ് ബോട്ട് ക്ലബ് കൈനകരിയുടെ നടുംഭാഗം ചുണ്ടൻ, പോലീസ് ബോട്ട് ക്ലബ്ബിന്റെ മഹാദേവി കടവ്കാട്ടിൽ തേക്കേതിൽ എന്നീ ചുണ്ടൻ വള്ളങ്ങൾ നേടി. മുസിരിസ് ജലോത്സവത്തിൽ ബി ഗ്രേഡ് വിഭാഗത്തിൽ ഗോതുരുത്ത് വള്ളവും എ വിഭാഗത്തിൽ പൊഞ്ഞനത്തമ്മ വള്ളവും ഒന്നാം സ്ഥാനം നേടി.
വള്ളംകളി, സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിച്ചു. കേരളത്തിന്റെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ഈ മേഖലയിൽ യുവാക്കൾക്കും ക്ലബുകൾക്കും ഗൈഡ് മുതൽ കച്ചവട സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തി മുന്നേറാനാണ് ശ്രമിക്കുന്നതെന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു.
വി.ആർ സുനിൽകുമാർ എം.എൽ.എ അധ്യക്ഷനായ ചടങ്ങിൽ കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ടി.കെ ഗീത മുഖ്യാതിഥിയായി.ബെന്നി ബെഹനാൻ എം.പി, വി.ആർ സുനിൽകുമാർ എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ ടി.കെ ഗീത എന്നിവർ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പി.ഐ സുബൈർകുട്ടി, മുസിരിസ് ബോട്ട് ക്ലബ് സെക്രട്ടറി പി.പി രഘുനാഥൻ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കലാ- സാംസ്കാരിക – സിനിമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട ഒമ്പത് തുഴച്ചിൽ ടീമുകളാണ് ചാമ്പ്യൻസ് ബോട്ട് ലീഗ് ട്രോഫിക്ക് വേണ്ടി മത്സരിച്ചത്. കൂടാതെ കൊടുങ്ങല്ലൂർ മുസിരിസ് ബോട്ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വി.കെ രാജൻ മെമ്മോറിയൽ ട്രോഫിക്കും കെ.ഡി കുഞ്ഞപ്പൻ മെമ്മോറിയൽ ട്രോഫിക്കും വേണ്ടിയുള്ള മധ്യകേരളത്തിലെ പ്രശസ്തമായ ഇരുട്ടുകുത്തി ഓടിവള്ളങ്ങളേയും ക്ലബ്ബുകളേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള മുസിരിസ് ജലോത്സവവും ചാമ്പ്യൻസ് ബോട്ട് ലീഗിനോട് അനുബന്ധിച്ച് നടന്നു. മുസിരിസ് ജലോത്സവത്തിൽ എ ഗ്രേഡ് വിഭാഗത്തിൽ ഒമ്പതും ബി ഗ്രേഡ് വിഭാഗത്തിൽ പത്തും വള്ളങ്ങൾ പങ്കെടുത്തു. ചാമ്പ്യൻസ് ബോട്ട് ലീഗിനോട് അനുബന്ധിച്ച് സാംസ്കാരിക സമ്മേളനം, തനത് കലാരൂപങ്ങൾ എന്നിവയും അരങ്ങേറി.