വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം
ഒക്ടോബര്‍ രണ്ട് മുതല്‍ എട്ടു വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം വന്യജീവി വകുപ്പ് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പൊതുജനങ്ങള്‍ക്കായി വന്യജീവി ഫോട്ടോഗ്രാഫി, വനയാത്രാ വിവരണം (ഇംഗ്ളീഷ്/മലയാളം) മത്സരങ്ങള്‍ ഓണ്‍ലൈനായും പോസ്റ്റര്‍ ഡിസൈന്‍, ഷോര്‍ട്ട് ഫിലിം മത്സരങ്ങള്‍ തപാല്‍ മുഖേനയുമാണ് സംഘടിപ്പിക്കുന്നത്.
ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി വിദ്യാര്‍ഥികള്‍ക്കായി പ്രകൃതിയെയും വന്യജീവികളെയും അടിസ്ഥാനമാക്കി പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍കളര്‍ പെയിന്റിംഗ് എന്നീ ഇനങ്ങളിലും ഹൈസ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്, ഉപന്യാസം, പ്രസംഗം, പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍കളര്‍ പെയിന്റിംഗ് മത്സരങ്ങളും സംഘടിപ്പിക്കും. എന്‍ട്രികള്‍ സെപ്റ്റംബര്‍ 30-ന് വൈകുന്നേരം അഞ്ചു മണി വരെ സമര്‍പ്പിക്കാം. സമയപരിധിക്ക് ശേഷം ലഭിക്കുന്നവ സ്വീകരിക്കില്ല.
എല്ലാ സര്‍ക്കാര്‍, എയിഡഡ്, അംഗീകൃത, സ്വാശ്രയ സ്കൂളുകളിലേയും കോളേജുകളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. പ്രഫഷണല്‍ കോളേജുകള്‍ക്കും പങ്കെടുക്കാം. പ്ലസ്വണ് തലം മുതലുള്ളവര്‍ക്ക് കോളേജ് വിഭാഗത്തില്‍ മത്സരിക്കാം. ക്വിസ് മത്സരത്തില്‍ രണ്ട് പേരടങ്ങുന്ന ടീമുകള്‍ ആണ് പങ്കെടുക്കേണ്ടത്. മറ്റു മത്സരങ്ങള്‍ക്ക് രണ്ട് പേര്‍ക്ക് വരെ ഓരോ സ്ഥാപനത്തെ പ്രതിനിധീകരിച്ച് ഒരോ മത്സരയിനത്തിലും പങ്കെടുക്കാം. മലയാളത്തിലാണ് പ്രസംഗ, ഉപന്യാസമത്സരങ്ങള്‍ .
ജില്ലാ-സംസ്ഥാന തലങ്ങളില്‍ ഓരോ മത്സരയിനത്തിലേയും ആദ്യ മൂന്നു സ്ഥാനം നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. സംസ്ഥാനതല വിജയികളാകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് റോളിംഗ് ട്രോഫിയും. സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും അനുഗമിക്കുന്ന ഒരു രക്ഷകര്‍ത്താവിനും ഭക്ഷണവും താമസസൗകര്യവും സ്ലീപ്പര്‍ ക്ലാസ് യാത്രാചെലവും നല്‍കും. വന്യജീവി ഫോട്ടോഗ്രാഫി മത്സരാര്‍ഥികള്‍ ഫോട്ടോകള്‍ വനം വകുപ്പ് വെബ്സൈറ്റിലെ wildlife photography contest 2023 എന്ന ലിങ്ക് വഴി സമര്‍പ്പിക്കണം. വന്യജീവികളും പ്രകൃതിയുമായി ബന്ധപ്പെട്ട കേരളത്തില്‍ ചിത്രീകരിച്ച ഫോട്ടോകള്‍ മാത്രം സ്വീകരിക്കും.
പോസ്റ്റര്‍ ഡിസൈനിംഗ് മത്സരാര്‍ഥികള്‍ സമര്‍പ്പിക്കുന്ന പോസ്റ്ററുകള്‍ നേരിട്ടോ, തപാല്‍ മുഖേനയോ അസി.ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍, തിരുവനന്തപുരം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്, രാജീവ് ഗാന്ധി നഗര്‍, വട്ടിയൂര്‍ക്കാവ് പിഓ,തിരുവനന്തപുരം-13 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ജൈവ വൈവിദ്ധ്യ സംരക്ഷണ സന്ദേശം നല്കുന്ന പോസ്റ്ററുകളാണ് വിഷയം.
ഷോര്‍ട്ട് ഫിലിം മത്സരാര്‍ഥികള്‍ വീഡിയോകള്‍ പെന്‍ഡ്രൈവിലോ, ഹാര്‍ഡ് ഡിസ്ക്കിലോ,ഡിവിഡിയിലോ അപേക്ഷയോടൊപ്പം വൈല്‍ഡ് ലൈഫ് വാര്ഡന്,വന്യജീവി ഹ്രസ്വചിത്ര മത്സരം 2023, പീച്ചി വൈല്‍ഡ് ലൈഫ് ഡിവിഷന്, വിലങ്ങന്നൂര്‍ പിഓ, പീച്ചി, തൃശൂര്‍-53 എന്ന വിലാസത്തില്‍ നേരിട്ടോ, തപാല്‍ മുഖേനയോ ലഭ്യമാക്കണം. മത്സരാര്‍ഥിയുടെ ഗൂഗിള്‍ ഡ്രൈവില്‍ അപ് ലോഡ് ചെയ്യുകയും ലിങ്ക് wlwshortfilm2023@gmail.com എന്ന മെയിലില്‍ can view only അനുവാദത്തോടെ ഷെയര്‍ ചെയ്യുകയും വേണം. കേരളത്തില്‍ ചിത്രീകരിച്ച പ്രകൃതിയും വന്യജീവികളും ആസ്പദമാക്കിയുള്ള ഹ്രസ്വചിത്രമായിരിക്കണം.
വന യാത്രാ വിവരണ മത്സരാര്‍ഥികള്‍ കേരളത്തിലെ ഏതെങ്കിലും വനത്തിലേയ്ക്കോ വന്യജീവി മേഖലയിലേയ്ക്കോ ഉള്ള യാത്ര അടിസ്ഥാനമാക്കിയാകണം രചന സമര്‍പ്പിക്കേണ്ടത്. അപേക്ഷാ ഫോറവും രചനയും wlwtravelouge2023@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കണം. എല്ലാ മത്സരങ്ങള്‍ക്കുമുള്ള യോഗ്യത, സാങ്കേതിക നിര്‍ദേശങ്ങള്‍, വ്യവസ്ഥകള്‍, രജിസ്ട്രേഷന് ഫോറം, മത്സരത്തില്‍ പങ്കെടുക്കുന്ന വിധം ഉള്‍പ്പെടെ വനം വകുപ്പിന്റെ വെബ് സൈറ്റില്‍ – www.forest.kerala.gov.in ലഭിക്കും. പ്രായപരിധിയോ പ്രവേശന ഫീസോ ഇല്ല. താല്പര്യമുള്ളവര് താഴെ പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം. വന്യജീവി ഫോട്ടോഗ്രാഫി മത്സരം: ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍ (എഫ്എംഐഎസ്) തിരുവനന്തപുരം- ഫോണ്‍: (ഓഫീസ്) 0471-2529234.
പോസ്റ്റര്‍ ഡിസൈനിംഗ് മത്സരം: അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വ്വേറ്റര്‍(സോഷ്യല്‍ ഫോറസ്ട്രി),തിരുവനന്തപുരം -ഫോണ്‍: (ഓഫീസ്)0471-2560462, മൊബൈല്‍ :9447979135.
ഷോര്‍ട്ട് ഫിലിം മത്സരം: വൈല്‍ഡ്ലൈഫ് വാര്ഡന്, പീച്ചി, മൊബൈല്‍ :9447979103 , ഓഫീസ്: 0487-2699017.
യാത്രാ വിവരണ മത്സരം: (ഇംഗ്ളീഷ്, മലയാളം): ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ (ഫ്ളയിംഗ് സ്ക്വാഡ്),കണ്ണൂര്‍-ഫോണ്‍: (ഓഫീസ്)0497-2766345, മൊബൈല്‍ :9447979122.