ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ മഴക്കെടുതി നേരിടാന്‍ കൂട്ടായപരിശ്രമം വേണമെന്ന് ജില്ലാ വികസന സമിതിയോഗത്തില്‍ മന്ത്രി കെ എന്‍ ബാലഗോപാല്‍. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളംകെട്ടിനിര്‍ത്താതെ ഒഴുക്കിവിടാന്‍ സൗകര്യമൊരുക്കണം. ഓടകളില്‍ അടിഞ്ഞു കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കംചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിക്കുന്നതിന് നടപടിയുണ്ടാവണം. അടിയന്തരസാഹചര്യം നേരിടാന്‍ പൊലീസ്, ഫയര്‍ഫോഴ്സ്, മെഡിക്കല്‍സംവിധാനങ്ങളുടെ കൂട്ടായ്മ രൂപീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മഴക്കാലത്ത് സാംക്രമിക രോഗവ്യാപനത്തിനുള്ള സാധ്യത മുന്‍കൂട്ടികണ്ട് ആരോഗ്യ വിഭാഗം കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തുന്ന പര്യടനം ജനകീയ പങ്കാളിത്തത്തോടെ വിജയിപ്പിക്കണം. ഇതിനായി കാര്യക്ഷമമായ കൂടിയാലോചനകളും ചർച്ചകളും നടക്കേണ്ടതുണ്ട്. പര്യടനത്തിനോട് അനുബന്ധിച്ച് നടക്കുന്ന യോഗങ്ങളില്‍ വിവിധ തുറകളിലുള്ള പ്രതിനിധികളെ പങ്കെടുപ്പിക്കണം. ഇപ്പോള്‍ നടന്നു വരുന്ന മേഖലാതല അവലോകന യോഗങ്ങള്‍ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കുന്നുണ്ട്. താലൂക്ക് അടിസ്ഥാനത്തില്‍ നടത്തിയ അദാലത്തുകളുടെ തുടര്‍ച്ചകള്‍ വേഗത്തിലാക്കാനും മേഖലായോഗങ്ങള്‍ സഹായകരമാണ്. ഏറെ നാളുകള്‍ക്ക് ശേഷം ജില്ലയില്‍ നടക്കാന്‍ പോകുന്ന സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം വിജയിപ്പിക്കുവാന്‍ എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ അധ്യക്ഷത വഹിച്ചു. ലോണ്‍ ആപ്പുകള്‍ ഉയര്‍ത്തുന്ന ഭീഷണിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കുറ്റക്കാരെ വളരെവേഗം നിയമത്തിന് മുന്നില്‍കൊണ്ടു വരണമെന്നും പി എസ് സുപാല്‍ എം എല്‍ എ ആവശ്യപ്പെട്ടു. വിഷയത്തില്‍ പൊലീസ് ശക്തമായ നടപടി സ്വീകരിച്ചുവരികയാണെന്നും സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തിവരുന്നതായും സിറ്റി പൊലീസ് കമ്മീഷ്ണര്‍ മെറിന്‍ ജോസഫ് പറഞ്ഞു. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയുടെ വികസനത്തിന് വര്‍ധിച്ച പ്രാധാന്യം നല്‍കണമെന്ന് മന്ത്രി ജെ ചിഞ്ചുറാണിയുടെ പ്രതിനിധി ആവശ്യപ്പെട്ടു.