നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ഏകോപനത്തില്‍ കരീപ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘ഹരിത തീര്‍ഥം’ പദ്ധതി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ ഒക്‌ടോബര്‍ 21ന് രാവിലെ ഒമ്പതിന് ഉദ്ഘാടനം ചെയ്യും.
ഉപേക്ഷിക്കപ്പെട്ട പാറമടകളിലെ ജലം സോളാര്‍ പമ്പ് ഉപയോഗിച്ച് ചെറുചാലുകളിലൂടെ സമീപത്തുള്ള തലക്കുളത്തിലേക്കും തോടുകളിലേക്കും ഒഴുക്കുന്ന മാതൃകാപരമായ ജലസംരക്ഷണ പ്രവര്‍ത്തനമാണ് ഹരിത തീര്‍ഥം പദ്ധതി.

പൂര്‍ണമായും ഹരിത ഊര്‍ജത്തിലൂടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ ജലം കൃഷിക്ക് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ അധ്യക്ഷത വഹിക്കും. നവകേരളം കര്‍മപദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ടി എന്‍ സീമ മുഖ്യ പ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ്, കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് പ്രശോഭ, വൈസ് പ്രസിഡന്റ് എസ് ഓമനക്കുട്ടന്‍ പിള്ള തദ്ദേശസ്വയംഭരണ പ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുക്കും.