ഗൃഹോപകരണ കട കത്തിനശിച്ച സംഭവത്തിൽ ഉടമയ്ക്ക് 48,50,029 രൂപ ഇൻഷുറൻസ് തുകയും രണ്ടുലക്ഷം രൂപ നഷ്ടപരിഹാരവും നൽകാൻ ഉപഭോക്തൃ കമ്മിഷൻ വിധി. മമ്പാട് സ്വദേശി വള്ളിക്കാടൻ യൂസഫിന്റെ പരാതിയിലാണ് കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി മുഹമ്മദ് ഇസ്മാഈൽ എന്നിവർ അംഗങ്ങളുമായ കമ്മിഷന്റെ വിധി. 2018 ജൂലൈ 16ന് അർധരാത്രി യൂസഫിന്റെ അരീക്കോട് പത്തനാപുരത്തുള്ള ഗൃഹോപകരണ കട പൂർണമായി കത്തിനശിച്ചിരുന്നു. ഇൻഷൂറൻസ് കമ്പനി 13,37,048 രൂപ നൽകാൻ തയ്യാറായിയെങ്കിലും പരാതിക്കാരൻ സ്വീകരിച്ചില്ല.

ഇൻഷൂറൻസ് സർവേയർ നൽകിയ റിപ്പോർട്ട് ശരിയല്ലെന്നും യഥാർഥ നഷ്ടം മറച്ചുവച്ചിരിക്കുകയാണെന്നും പരാതിക്കാരൻ കമ്മിഷൻ മുമ്പാകെ ബോധിപ്പിച്ചു. 68,10,892 രൂപ ഇൻഷൂറൻസ് തുകയും 10,00,000 രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. തുടർന്ന് സ്റ്റോക്ക് രജിസ്റ്ററും സർവേ റിപ്പോർട്ടും പരിശോധിച്ച കമ്മിഷൻ നേരത്തെ ഇൻഷൂർ കമ്പനിയുടെ സർവേയർ തന്നെ തയ്യാറാക്കിയ 48,50,029 രൂപയുടെ റിപ്പോർട്ട് മറച്ചുവച്ചതായി കണ്ടെത്തുകയായിരുന്നു. ഇതേതുടർന്ന് നഷ്ടപരിഹാരമായി രണ്ടുലക്ഷവും യഥാർഥ നഷ്ടമായ 48,50,029 രൂപയും ഒമ്പത് ശതമാനം പലിശയോടെ നൽകണമെന്നും ഉത്തരവിട്ടു. കോടതി ചെലവിലേക്ക് 25,000 രൂപയും നൽകണം. ഒരുമാസത്തിനകം പണം നൽകാത്തപക്ഷം 12 ശതമാനം പലിശ നൽകണമെന്നും വിധിയിൽ പറഞ്ഞു. പരാതിക്കാരന് വേണ്ടി അഡ്വ. കെ.ടി സിദ്ധീഖ് ഹാജരായി.