നവകേരള നിര്‍മ്മിതി ലക്ഷ്യമിട്ടുള്ള നവകേരള സദസ്സിന്റെ സംഘാടനത്തില്‍ ഒരു മനസോടെ അണിചേരാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവണമെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നവകേരള സദസ്സിന്റെ സംഘാടന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ കേരളം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നവകേരള സദസ്സ്.
വനസദസ്സ്, തീരസദസ്സ്, പരാതി പരിഹാര അദാലത്ത് തുടങ്ങിയ സാമൂഹ്യ ഇടപെടലുകള്‍ക്ക് ശേഷമാണ് നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മേഖലാതല അവലോകന യോഗങ്ങളും നടത്തി. ഇത്തരം പരിപാടികളെ തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ സമീപനത്തില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്. എന്നാല്‍ ചിലയിടത്ത് ചില ഉദ്യോഗസ്ഥര്‍ നവകേരള സദസ്സിന്റെ സംഘാടനത്തില്‍ നിന്നും മാറി നില്‍ക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവണം.
പുതിയ കേരളം കെട്ടിപ്പടുക്കാനുള്ള യാത്രയുടെ തുടക്കമാണിത്. എല്ലാവരും ആ യാത്രയുടെ ഭാഗമാവണം. മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. നവകേരള സദസ്സിന്റെ ഭാഗമായി പൊതുജനങ്ങളില്‍ നിന്നുള്ള പരാതികള്‍ മുന്‍കൂട്ടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
നവംബര്‍ 20 മുതല്‍ 22 വരെയാണ് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളില്‍ നവകേരള സദസ് നടത്തുക. ഓരോ മണ്ഡലങ്ങളിലേയും പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. ഫണ്ട്, യാത്ര സൗകര്യം, കുടിവെള്ളം, പാര്‍ക്കിംഗ്, റോഡുകളുടെ അറ്റകുറ്റപണി തുടങ്ങിയ വിഷയങ്ങളാണ് സംഘാടക സമിതി ചെയര്‍മാന്‍മാരും കണ്‍വീനര്‍മാരും ഉന്നയിച്ചത്. പരിപാടിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടന്നു വരുന്നതായി സംഘാടക സമിതി ചെയര്‍മാന്‍മാര്‍ യോഗത്തെ അറിയിച്ചു.
കൈ കൊട്ടിക്കളി, സമൂഹ ചിത്രരചന, മിനി മാരത്തണ്‍, ദീപാലങ്കാരം, ബോര്‍ഡുകള്‍, കമാനങ്ങള്‍, ഫുട്‌ബോള്‍ പ്രദര്‍ശന മത്സരം, ചെസ്സ് മത്സരം, വീട്ടുമുറ്റസദസ്സുകള്‍ തുടങ്ങി വിപുലമായ പ്രചാരണ പരിപാടികള്‍ മണ്ഡലങ്ങളില്‍ ആരംഭിച്ചതായി കണ്‍വീനര്‍മാര്‍ യോഗത്തെ അറിയിച്ചു. എല്ലാ മണ്ഡലങ്ങളിലും സബ് കമ്മറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ബൂത്ത തല സംഘാടക സമിതികള്‍ അനുബന്ധ പരിപാടികളുമായി മുന്നോട്ട് പോവുന്നു. ക്ഷണക്കത്തുകള്‍ പോസ്റ്ററുകള്‍ ബ്രോഷറുകള്‍ തുടങ്ങിയവയുടെ വിതരണം ആരംഭിച്ചതായും കണ്‍വീനര്‍മാര്‍ പറഞ്ഞു.
പരിപാടിയുടെ നിയന്ത്രണം, ക്രമസമാധാനനില, ട്രാഫിക് നിയന്ത്രണം എന്നിവയുടെ കാര്യത്തില്‍ പൊലീസ് സുസജ്ജമാണെന്ന് സിറ്റി കമ്മീഷണര്‍ അജിത് കുമാര്‍ യോഗത്തെ അറിയിച്ചു.
രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയില്‍ നിന്നും പൈലറ്റ് ലൈസന്‍സ് നേടിയ സങ്കീര്‍ത്തന ദിനേശിന് മന്ത്രി കെ രാധാകൃഷ്ണന്‍ ഉപഹാരം നല്‍കി.
നവകേരള സദസിന്റെ ഭാഗമായി ജില്ലയിലെ മുന്നൊരുക്കങ്ങളെ കുറിച്ചും ഇത് വരെ നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ചും ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ വിശദീകരിച്ചു. എം എല്‍ എ മാരായ കെ കെ ശൈലജ, കെ വി സുമേഷ്, കെ പി മോഹനന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, ഇരിക്കൂര്‍ മണ്ഡലം സംഘാടക സമിതി ചെയര്‍മാന്‍ ഫാ ജോസഫ് കവനാടിയില്‍, തളിപ്പറമ്പ് ആര്‍ ഡി ഒ ഇ പി മേഴ്‌സി, എ ഡി എം കെ കെ ദിവാകരന്‍, മറ്റ് വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.