ഈ സർക്കാറിന് മുന്നിൽ നിങ്ങൾ എന്നോ ഞങ്ങൾ എന്നോ വ്യത്യാസമില്ലാതെ എല്ലാവരുടേതുമാണെന്ന് മന്ത്രി പി.രാജീവ്. ഉണ്യാൽ ഫിഷറീസ് സ്‌റ്റേഡിയത്തിൽ നടന്ന താനൂർ മണ്ഡലം നവകേരള സദസ്സിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവരെയും ഉൾക്കൊണ്ടുള്ള ഭരണമാണ് സർക്കാർ കാഴ്ചവെക്കുന്നത്.

പൊതുവിദ്യാഭ്യാസരംഗത്തും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സർക്കാറിന് സാധിച്ചു. കഴിഞ്ഞ മാർച്ചിൽ തന്നെ ഈ വർഷത്തെ സ്‌കൂളുകൾക്ക പാഠപുസ്തകങ്ങൾ ലഭ്യമാക്കിയത് ഇതിന് ഉദാഹരണമാണ്. അവയവമാറ്റ ശാസ്ത്രക്രിയകൾ നടത്താനുള്ള സൗകര്യങ്ങൾ സർക്കാർ ആശുപത്രികളിൽ യാതാർത്ഥ്യമാക്കിയത് രാജ്യത്തിന് തന്നെ മാതൃകയാണ്.

ലോകത്ത് ആദ്യമായിരിക്കും ഒരു മുഖ്യമന്ത്രി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും ചർച്ചചെയ്യാനാണ് നവകേരള സദസ്സും അതിന് സംബന്ധിച്ചുള്ള പ്രഭാത സദസ്സും നടത്തുന്നത്. ഓരോ പ്രദേശത്തെയും ജനങ്ങളെ കണ്ട് സംസാരിച്ച് അഭിപ്രായം തേടി തീരുമാനമെടുക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് ബഹിഷ്‌കരിക്കുന്നത് ജനാധിപത്യ നിഷേധത്തിന് തുല്യമാണ്. ഈ സർക്കാറിന് രാഷ്ട്രീയ നിലപാടുകളുണ്ട്. പൗരത്വഭേദഗതി ബില്ലിനെതിരെയും ഏക സിവിൽകോഡിനെതിരെയും ഫലസ്തീൻ വിഷയത്തിലും എടുത്ത നിലപാടുകൾ ഇതിന് ഉദാഹരണമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.