കഴിഞ്ഞ ഏഴര വർഷത്തിനിടെ തിരൂരങ്ങാടി മണ്ഡലത്തിൽ നടന്നത് വികസനത്തിന്റെ വിപ്ലവമാണെന്ന് മന്ത്രി സജി ചെറിയാൻ. പരപ്പനങ്ങാടി അവുക്കാദർകുട്ടി നഹാ സ്റ്റേഡിയത്തിൽ നടന്ന തിരൂരങ്ങാടി മണ്ഡല നവകേരള സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കക്ഷി രാഷ്ട്രീയത്തിനതീതമായ വികസനമാണ് തിരൂരങ്ങാടി മണ്ഡലത്തിൽ നടപ്പാക്കിയത്. ഇതു വരെ ലഭിക്കാത്ത സഹായമാണ് മലപ്പുറം ജില്ലയ്ക്ക് ഈ സർക്കാർ നൽകിയത്. 113 കോടി രൂപ ചെലവിലാണ് പരപ്പനങ്ങാടി ഫിഷിംഗ് ഹാർബർ നടപ്പാക്കുന്നത്. 58 ലക്ഷം രൂപ ചെലവിൽ മലബാർ വിപ്ലവത്തിന്റെ നിത്യ സ്മാരകമായി ജില്ലാ പൈതൃക മ്യൂസിയം ആരംഭിച്ചു.

96.8 കോടി രൂപയുടെ കുടിവെള്ള പദ്ധതിയും നടപ്പാക്കി. തിരൂരങ്ങാടി നഗരസഭയിൽ 14.3 കോടി രൂപയുടെ കുട്ടി വെള്ള പദ്ധതി അനുവദിച്ചു. 25.57 കോടി രൂപയ്ക്ക് പരപ്പനങാടിയിൽ കോടതി കെട്ടിടം, പൂക്കിപ്പറമ്പ്- പതിനാറുങ്ങൽ ബൈപ്പാസ് നിർമ്മാണത്തിന് 100 കോടി രൂപ, സ്കൂൾ കെട്ടിടങ്ങളുടെ നവീകരണത്തിന് 11 കോടി രൂപയും ചെലവിട്ടു. റേഷൻ കടകൾ പൂർണ്ണമായി ആധുനികവത്കരിക്കുകയും 500 ഹെക്ടറിൽ കൃഷിയിറക്കുകയും ചെയ്തു.

എല്ലാ വികസന പ്രവർത്തനങ്ങളിലും ജനങ്ങളെയാണ് മുന്നിൽ കാണുന്നത്. കേന്ദ്ര സർക്കാർ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നതിനിടയിലും അതിനെ അതിജീവിച്ച് വികസന മുന്നേറ്റം കാഴ്ചവെക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കൊല്ലത്ത് പെൺകുട്ടിയെ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥരുടെ സേവനത്തെ മന്ത്രി അഭിനന്ദിച്ചു. നവകേരള യാത്രയ്ക്കിടെ നടന്ന സംഭവത്തിൽ മുഖ്യമന്ത്രി ഇടപെടുകയും മുഴുവൻ പോലീസുകാർക്കും നിർദേശം നൽകിയിരുന്നതായും മന്ത്രി പറഞ്ഞു.