മലബാറിന്റെ വികസന ചരിത്രത്തിൽ എന്നും തങ്കലിപികളിൽ എഴുതി ചേർക്കുന്ന വികസന പ്രവർത്തനമാണ് കരിപ്പൂർ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുത്ത് നൽകിയതിലൂടെ സർക്കാർ നടപ്പാക്കിയതെന്നും ഇത് സംസ്ഥാന സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഇച്ഛാശക്തിയുടെ തെളിവാണെന്നും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. കൊണ്ടോട്ടി മണ്ഡലത്തിലെ നവകേരള സദസിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലബാറിൽ ഏറ്റവും അധികം പ്രവാസികൾ ആശ്രയിക്കുന്ന കരിപ്പൂർ വിമാനത്താവളത്തെ വലിയ വിമാനങ്ങളിറങ്ങുന്ന അന്താരാഷ്ട്ര വിമത്താവളമായി നിലനിർത്താൻ റൺവേ ആൻറ് സേഫ്റ്റി ഏരിയ ദീർഘിപ്പിക്കുക (റസ) അനിവാര്യമായിരുന്നു. പൊതുജന പങ്കാളിത്തത്തോടെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും കൂട്ടായ പ്രവർത്തനത്തിലൂടെ എട്ട് മാസങ്ങൾ കൊണ്ടാണ് ഭൂമി ഏറ്റെടുത്ത് ഏവിയേഷൻ മന്ത്രാലയത്തിന് കൈമാറിയത്. ഇത് സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമാണ്. ഭൂമി ഏറ്റെടുക്കുന്നതിൽ സംസ്ഥാനത്ത് നടപ്പിലാക്കിയ ഏറ്റവും വലിയ പാക്കേജാണ് കരിപ്പൂരിൽ നടപ്പാക്കിയത്.

സർക്കാറിന്റെ ഈ അഭിനന്ദാർഹമായ നേട്ടത്തിലൂടെ മലബാറിന്റെ തീർത്ഥാട സ്വപ്നങ്ങൾക്ക് ചിറക് നൽകിയ ഹജ്ജ് പുറപ്പെടൽ കേന്ദ്രം കരിപ്പൂരിൽ നില നിർത്താനും സർക്കാറിന് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും കക്ഷി രാഷ്ട്രീയം പരിഗണിക്കാതെയുള്ള വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കിയിട്ടുള്ളത്. കൊണ്ടോട്ടിയിലും എം.എൽ എ ആവശ്യപ്പെട്ട എല്ലാ വികസന പദ്ധതികളും നടപ്പാക്കാൻ സർക്കാർ ശ്രമിച്ചിട്ടുണ്ട്. 600 കോടിക്ക് മുകളിൽ വികസനം മണ്ഡലത്തിൽ ഏഴ് വർഷത്തിനുള്ളിൽ നടപ്പാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിൽ മാത്രം വിദ്യഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിന് 725 കോടി രൂപയാണ് നൽകിയിട്ടുള്ളത്. ശുദ്ധജല വിതരണത്തിന് കിഫ് ബി വഴി 108 കോടിയും , ചീക്കോട് പദ്ധതി പൂർത്തീകരണ ഘട്ടത്തിലുമാണ്. എല്ലാ രംഗങ്ങളിലും മുന്നേറ്റം നടത്തുന്ന ജില്ലയാണ് മലപ്പുറമെന്നും മന്ത്രി പറഞ്ഞു.