ഒരാളും പട്ടിണി കിടക്കില്ല എന്നത് സർക്കാർ നയമാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. മലപ്പുറം മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാമാരി കാലത്ത് പോലും കേരളത്തിൽ ആരും വിശപ്പ് അറിഞ്ഞിട്ടില്ല. മനുഷ്യരെ മാത്രമല്ല എല്ലാ ജീവികൾക്കും ഭക്ഷണം നൽകണമെന്ന് പറഞ്ഞ മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത്. ഇന്ത്യയിൽ ഏറ്റവും സുരക്ഷയുള്ള സംസ്ഥാനമാണ് കേരളം. ജാതി-മത ചിന്തകൾ ഇല്ലാതെ എല്ലാവരും ഇവിടെ സ്വസ്ഥമായി ജീവിക്കുന്നു.
വെറും വാക്കുകളല്ല, വികസനത്തിന്റെ ചരിത്രനേട്ടങ്ങളാണ് സർക്കാരിന് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനുള്ളത്. തീരദേശ ഹൈവേ, മലയോര ഹൈവേ, ദേശീയപാത തുടങ്ങിയ വികസന പദ്ധതികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് 25 ശതമാനം ചെലവ് സംസ്ഥാന സർക്കാർ വഹിക്കാമെന്ന ഉറപ്പിൽ ദേശീയപാത 66 പദ്ധതിക്ക് പുതുജീവൻ വെച്ചത്. വിഴിഞ്ഞം തുറമുഖം പദ്ധതി യാഥാർത്ഥ്യമായതോടെ വിപുലമായ രീതിയിൽ കണ്ടെയ്നറുകൾ എത്തിക്കാൻ കഴിയുന്ന സ്ഥിതിയുണ്ടായിരിക്കുകയാണ്. മൂന്നു കപ്പലുകളാണ് ഇതുവരെ തുറമുഖത്ത് അടുപ്പിക്കാൻ കഴിഞ്ഞത്. ഈ രീതിയിലുള്ള ചരിത്രനേട്ടങ്ങളാണ് സർക്കാരിന് അവതരിപ്പിക്കാനുള്ളത്. ഏത് പൗരനും ഓഡിറ്റ് ചെയ്യാൻ കഴിയുന്ന സർക്കാരാണ് കേരളത്തിലുള്ളത്. പറഞ്ഞ വാക്കുകൾ പൂർത്തീകരിക്കാൻ സർക്കാരിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.